AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് റഷ്യയുടെ ശക്തമായ പിന്തുണ

India Gets Russia’s Backing for Permanent UN Security Council Seat: സുരക്ഷാ കൗണ്‍സിലില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ മേഖലകളുടെ പ്രാതിനിധ്യം കൂടുതല്‍ വിപുലീകരിക്കണമെന്നാണ് റഷ്യയുടെ നിലപാടെന്ന് ലാവ്‌റോവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നല്‍കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വത്തെ റഷ്യ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് റഷ്യയുടെ ശക്തമായ പിന്തുണ
വ്‌ളാഡിമിര്‍ പുടിന്‍, നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 27 Sep 2026 | 06:28 AM

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണ നല്‍കി റഷ്യ. യുഎന്‍ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തിയത്. കൂടുതല്‍ രാജ്യങ്ങളെ സുരക്ഷാ കൗണ്‍സിലിലേക്ക് കൊണ്ടുവരണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

സുരക്ഷാ കൗണ്‍സിലില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ മേഖലകളുടെ പ്രാതിനിധ്യം കൂടുതല്‍ വിപുലീകരിക്കണമെന്നാണ് റഷ്യയുടെ നിലപാടെന്ന് ലാവ്‌റോവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നല്‍കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വത്തെ റഷ്യ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരാംഗത്വം നല്‍കുന്നതിനോട് റഷ്യ എതിര്‍പ്പ് രേഖപ്പെടുത്തി. ജര്‍മനിയെയും ജപ്പാനെയും പ്രത്യേകം പരാമര്‍ശിച്ച ലാവ്‌റോവ്, ഈ രാജ്യങ്ങള്‍ സൈനികവല്‍ക്കരണത്തിലേക്കും പഴയ നിലപാടുകളിലേക്കും നീങ്ങുകയാണെന്ന് ആരോപിച്ചു.

സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിലെ സ്ഥിരാംഗങ്ങളുടെ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ദുര്‍ബലപ്പെടുത്താന്‍ പാടില്ലെന്നും ലാവ്‌റോവ് അഭിപ്രായപ്പെട്ടു. നിലവില്‍ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, അമേരിക്ക എന്നിവയാണ് സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍. ഇവര്‍ക്ക് വീറ്റോ അധികാരവുമുണ്ട്.

റഷ്യയ്ക്ക് പുറമെ മൗറീഷ്യസും ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആഗോള വിഷയങ്ങളില്‍ ഇന്ത്യ വഹിക്കുന്ന സൃഷ്ടിപരമായ പങ്ക് കണക്കിലെടുത്ത് സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നതായി മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുള്‍ പറഞ്ഞു.

Also Read: S Jaishankar: ‘ഭീകരവാദവും സമാധാനവും ഒരുമിച്ച് പോകില്ല’; യുഎന്നിൽ പാകിസ്ഥാന് മറുപടിയുമായി ജയശങ്കർ

15 അംഗങ്ങളാണ് നിലവില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിലുള്ളത്. അഞ്ച് സ്ഥിരാംഗങ്ങള്‍ക്ക് പുറമെ പത്ത് അംഗങ്ങളെ രണ്ട് വര്‍ഷത്തെ കാലാവധിയിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണത്തിനായി യുഎന്‍ ചാര്‍ട്ടറില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും അംഗരാജ്യങ്ങളുടെ മൂന്നില്‍ രണ്ട് രാജ്യങ്ങളുടെ അംഗീകാരവും ആവശ്യമാണ്. കൂടാതെ നിലവിലെ അഞ്ച് സ്ഥിരാംഗങ്ങളുടെയും അംഗീകാരം നിര്‍ബന്ധമാണ്.

ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യ തുടര്‍ച്ചയായി പിന്തുണ നല്‍കുന്നുണ്ടെങ്കിലും സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം ഇപ്പോഴും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ചൈന ഉള്‍പ്പെടെയുള്ള മറ്റ് സ്ഥിരാംഗങ്ങളുടെ നിലപാടുകള്‍ വിഷയത്തില്‍ നിര്‍ണായകമാണ്.

English Summary

Russia has backed India’s bid for permanent membership of the United Nations Security Council. Russian Foreign Minister Sergey Lavrov called for greater representation of countries from Asia, Africa and Latin America in the Council.

Follow Us