Russia-Ukraine: ട്രംപിന്റെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലേ? യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ
Russian strikes on Odesa: യുക്രെയ്‌ന്റെ സമുദ്ര ലോജിസ്റ്റിക്‌സിലേക്കുള്ള പ്രവേശനം തടയാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. അതിന്റെ ഭാഗമായാണ് റഷ്യ ആവര്‍ത്തിച്ചുള്ള ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നില്‍ നിന്നുള്ള ദൃശ്യം
മോസ്‌കോ: തെക്കന്‍ യുക്രെയ്ന്‍ മേഖലയായ ഒസെഡയില്‍ ആക്രമണം ശക്തമാക്കി റഷ്യ. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി വൈദ്യുതി മുടങ്ങി. കൂടാതെ മേഖലയിലെ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായും വിവരമുണ്ട്. റഷ്യ കഴിഞ്ഞ കുറേനാളുകളായി ഈ മേഖലയില്‍ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഒലെക്‌സി കുലെബ പറഞ്ഞു. വ്‌ളാഡിമിര്‍ പുടിന്റെ ശ്രദ്ധ ഒസെഡിയിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌ന്റെ സമുദ്ര ലോജിസ്റ്റിക്‌സിലേക്കുള്ള പ്രവേശനം തടയാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. അതിന്റെ ഭാഗമായാണ് റഷ്യ ആവര്‍ത്തിച്ചുള്ള ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിന്റെ തുടക്കത്തില്‍ കരിങ്കടലില്‍ വെച്ച് റഷ്യയുടെ ഷാഡോ ഫ്‌ളീറ്റ് ടാങ്കറുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ യുക്രെയ്‌നിന്റെ കടലിലേക്കുള്ള പ്രവേശനം വിച്ഛേദിക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കി. 2022ലെ പൂര്‍ണമായ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ടാങ്കറുകളാണ് ഷാഡോ ഫ്‌ളീറ്റ് എന്നത്.
അതേസമയം, മോസ്‌കോയില്‍ വെച്ചുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. കാറിനടയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തില്‍ ലഫ്. ജനറല്‍ ഫാനില്‍ സര്‍വരോവ് കൊല്ലപ്പെട്ടതായി റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. റഷ്യയുടെ തലസ്ഥാനത്ത് വെച്ച് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫാനില്‍.