റിയാദിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം; ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തകർത്തെന്ന് സൗദി
"A Rehearsal for Escalation": Houthis Threaten Following Foiled Attacks on Saudi Arabia: തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിന് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും സൗദി വ്യോമപ്രതിരോധ സേന നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു. സൗദിയുടെ പ്രധാന വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖമീസ് മുഷൈത്ത്. വരാനിരിക്കുന്ന വലിയ ആക്രമണത്തിന് മുന്നോടിയായുള്ള പരിശീലനം മാത്രമാണ് ഇപ്പോൾ നടത്തിയത് എന്നാണ് ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹെസാം അസദ് ശനിയാഴ്ച സംഭവത്തോട് പ്രതികരിച്ചത്
റിയാദ്: യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ റിയാദിന് നേരെ അയച്ച രണ്ട് ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്. റിയാദ് ലക്ഷ്യമാക്കി നീങ്ങിയ ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തതായി യെമനിൽ ഔദ്യോഗിക സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മൽക്കി അറിയിച്ചു. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുൻപും ഹൂതികൾ സൗദി അറേബ്യയ്ക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്നു.
ഇതിന് പുറമെ, തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിന് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും സൗദി വ്യോമപ്രതിരോധ സേന നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു. സൗദിയുടെ പ്രധാന വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖമീസ് മുഷൈത്ത്. വരാനിരിക്കുന്ന വലിയ ആക്രമണത്തിന് മുന്നോടിയായുള്ള പരിശീലനം മാത്രമാണ് ഇപ്പോൾ നടത്തിയത് എന്നാണ് ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹെസാം അസദ് ശനിയാഴ്ച സംഭവത്തോട് പ്രതികരിച്ചത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി സിവിൽ ഡിഫൻസ് അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ എന്നിവിടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ അപകടം ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വീടുകൾക്കുള്ളിൽ തന്നെ തുടരാനും ജനാലകളിൽ നിന്നും ഗ്ലാസുകളിൽ നിന്നും മാറിനിൽക്കാനും നിർദ്ദേശമുണ്ട്. തുറസ്സായ സ്ഥലങ്ങൾ, ബാൽക്കണികൾ, വീടിൻ്റെ മേൽക്കൂരകൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കണം, ദൃശ്യങ്ങൾ പകർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു.
പുറത്തുള്ള സമയത്താണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ ഉടൻ തന്നെ അടുത്തുള്ള കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുകയോ സുരക്ഷിതമായ മറവുകളിലേക്ക് മാറുകയോ ചെയ്യണം. വാഹനമോടിക്കുമ്പോഴാണ് സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ പാലങ്ങൾ, വലിയ കെട്ടിടങ്ങൾ എന്നിവയുടെ അടുത്തുനിന്ന് മാറി വാഹനം സുരക്ഷിതമായി ഒതുക്കിയിടണം. ജനങ്ങൾ സൗദി അധികൃതരുടെ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരാവു. അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും, സൗദിയ അറേബ്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 998 എന്ന നമ്പറിലും സിവിൽ ഡിഫൻസുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
English Summary
Saudi air defenses successfully intercepted two Houthi drones aimed at Riyadh and a ballistic missile targeting Khamis Mushait. Following the attacks, Saudi Civil Defense issued safety guidelines and emergency contacts for residents.