Saudi Pharmacies: സൗദിയിൽ ഇനി വിദേശികൾക്കും ഫാർമസികൾ തുടങ്ങാം; അറിയേണ്ടതെല്ലാം
Saudi Arabia Pharmacies Policy: പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഈ നിയമം തുടരുമെന്നും സൗദി മന്ത്രിസഭ അറിയിച്ചു. ഹെർബൽ ഉത്പന്നങ്ങൾ വിൽക്കാനുള്ള അനുമതിയും ഇതിന്റെ ഭാഗമായി വിദേശികൾക്ക് അനുവദിച്ചിട്ടുള്ളതായി ഔദ്യോഗിക നിർദ്ദേശത്തിൽ പറയുന്നു.

കെയ്‌റോ: സൗദി അറേബ്യയിൽ വിദേശികൾക്ക് ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും ആരംഭിക്കാൻ അനുമതി. എന്നാൽ താൽക്കാലികമായി മാത്രമെ ഫാർമസികൾ തുടങ്ങാൻ അനുവദിക്കുകയുള്ളൂ. സൗദി മന്ത്രിസഭയാണ് അനുമതി നൽകിയിരിക്കുന്നത്. മുമ്പ് സൗദി പൗരന്മാർക്ക് മാത്രമായിരുന്നു ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. ഈ നിബന്ധന് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.
പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഈ നിയമം തുടരുമെന്നും സൗദി മന്ത്രിസഭ അറിയിച്ചു. ഹെർബൽ ഉത്പന്നങ്ങൾ വിൽക്കാനുള്ള അനുമതിയും ഇതിന്റെ ഭാഗമായി വിദേശികൾക്ക് അനുവദിച്ചിട്ടുള്ളതായി ഔദ്യോഗിക നിർദ്ദേശത്തിൽ പറയുന്നു. ആരോഗ്യ മന്ത്രാലയം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
നേരത്തെ ഫാർമസികൾ, ഔഷധ നിർമാണ കേന്ദ്രങ്ങൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടേഷൻ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥാവകാശം സൗദി പൗരന്മാർക്ക് മാത്രമായി പരിമിധപ്പെടുത്തിയിരുന്നു. ആർട്ടിക്കിൾ 3 പ്രകാരാമാണ് ഈ നിയമം. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഫാർമസി മേഖലയിൽ വിദേശികൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഫാർമസികൾ തുറക്കണമെങ്കിൽ ഉടമയോ പങ്കാളികളിൽ ഒരാളോ ഈ തൊഴിൽ പരിശീലിക്കാൻ ലൈസൻസുള്ള ഒരു ഫാർമസിസ്റ്റ് ആയിരിക്കണം. അതേസമയം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.