Sharjah: നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് കത്രികപ്പൂട്ടുമായി ഷാർജ പോലീസ്; പിഴയൊടുക്കേണ്ടത് 10,000 ദിർഹം
Sharjah Police Against Modified Vehicles: നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ഷാർജ പോലീസ്. ഇത്തരം ഡ്രൈവർമാരെ നിയന്ത്രിക്കാനാണ് നിയമം കടുപ്പിക്കുന്നത്.

പ്രതീകാത്മക ചിത്രം
നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് കത്രികപ്പൂട്ടുമായി ഷാർജ പോലീസ്. ഉയർന്ന ശബ്ദമുള്ളതും നിയമവിരുദ്ധമായി മോഡിഫൈ ചെയ്തതുമായ വാഹനങ്ങൾ പിടികൂടിയാൽ 10,000 ദിർഹം വരെ പിഴയൊടുക്കേണ്ടിവരുമെന്ന് ഷാർജ പോലീസ് അറിയിച്ചു. വേനലവധി ആരംഭിച്ചതോടെ ഇത്തരം വാഹനങ്ങളുമായി നിരവധി ആളുകൾ നിരത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പരാതികളുയർന്നിരുന്നു. ഇതിൻ്റെ സാഹചര്യത്തിലാണ് ഷാർജ പോലീസിൻ്റെ മുന്നറിയിപ്പ്.
ഇത്തരത്തിലുള്ള പ്രവൃത്തികൾ കാരണം രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്നും കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും അടക്കം ഉറക്കം നഷ്ടമാവുകയാണെന്നും അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ആളുകൾ പരാതി പറഞ്ഞിരുന്നു. റോഡിലെ ഇത്തരം പ്രവൃത്തികൾ ഡ്രൈവർമാർക്കിടയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉയർന്ന ശബ്ദമുണ്ടാക്കിയും അലക്ഷ്യമായും വാഹനമോടിക്കുന്നതിലൂടെ നിരത്തിൽ തർക്കങ്ങളും പതിവാണ്. ഇതിനൊക്കെ പരിഹാരം കാണാനാണ് ശ്രമം.
Also Read: Burj Khalifa: ബുർജ് ഖലീഫയിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഗർബ നൃത്തം; രണ്ടായി തിരിഞ്ഞ് സോഷ്യൽ മീഡിയ
കാർ ഹോണുകൾ ഉച്ചത്തിൽ മുഴക്കുന്നതും ഉയർന്നശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നതും ഉയർന്ന ശബ്ദമുണ്ടാക്കാനായി വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതുമൊക്കെ പിടികൂടും. ശബ്ദമലിനീകരണം ഉണ്ടാക്കുന്നത് യുഎഇയിൽ ഗുരുതര കുറ്റകൃത്യമാണ്. യുഎഇ ഫെഡറൽ ട്രാഫിക് ലോ അനുസരിച്ച് മറ്റുള്ളവർക്ക് ശല്യമാവുന്ന തരത്തിൽ ഹോണുകളും മ്യൂസിക് സിസ്റ്റവും ഉപയോഗിക്കുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുമായി ശിക്ഷ. മോഡിഫൈ ചെയ്തതോ ശബ്ദം വർധിപ്പിച്ചതോ ആയ വാഹനമാണെങ്കിൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും ശിക്ഷ ലഭിക്കും. അനുമതിയില്ലാതെ മോഡിഫൈ ചെയ്ത വാഹനങ്ങൾ കണ്ടുകിട്ടും. തിരികെ ലഭിക്കാൻ 10,000 ദിർഹം പിഴയടക്കേണ്ടിവരും. മൂന്ന് മാസത്തിനുള്ളിൽ ഈ തുക നൽകാനായില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
കഴിഞ്ഞ വർഷം ശബ്ദമിനീകരണമുണ്ടാക്കിയതിന് ഷാർജയിൽ 504 പേർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. അജ്മാനിൽ 117 പേർക്കും ഫുജൈറയിൽ 8 പേർക്കും ശിക്ഷ ലഭിച്ചു. നിയമം കടുപ്പിച്ചതിലൂടെ നിയമലംഘനം കുറയുമെന്നാണ് അധികൃതർ കരുതുന്നത്.