Yemen: യമനിൽ ബോട്ട് മുങ്ങി 68 അഭയാർത്ഥികളും കുടിയേറ്റക്കാരും മരിച്ചു
boat capsize off Yemen coast: 154 കുടിയേറ്റക്കാരുമായി പോയ കപ്പൽ ഞായറാഴ്ച പുലർച്ചെയാണ് മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയത്.
യെമൻ: യെമൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും ദാരുണാന്ത്യം. 74 പേരെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി (ഐഎംഒ) സ്ഥിരീകരിച്ചു.
154 കുടിയേറ്റക്കാരുമായി പോയ കപ്പൽ ഞായറാഴ്ച പുലർച്ചെയാണ് മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയത്. 10 പേരെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂ, കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു.
രക്ഷപ്പെട്ടവരിൽ ഒമ്പത് പേർ എത്യോപ്യൻ പൗരന്മാരാണ്. തെക്കൻ ജില്ലയായ ഖാൻഫറിൽ 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കരയിൽ നിന്ന് കണ്ടെത്തിയതായും മറ്റ് 14 പേരെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമൻ മേധാവി അബ്ദുസത്തർ എസോവ് പറഞ്ഞു.
ALSO READ: പലസ്തീനി ബാലന്റെ കണ്ണിന് വെടിവെച്ച് ഇസ്രായേല്‍; ആക്രമണം സഹായകേന്ദ്രത്തില്‍ വെച്ച്
ആഫ്രിക്കൻ മേഖലയിൽ നിന്ന് ഗൾഫ് അറബ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാർക്ക് ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാർഗമാണ് യെമൻ. സമീപ മാസങ്ങളിൽ കപ്പൽച്ചേതങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഐഒഎം-യുടെ റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ, യെമനിലെ ദുബാബ് ജില്ലയുടെ തീരത്ത് 180 ലധികം കുടിയേറ്റക്കാരുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങുകയും രണ്ട് ജീവനക്കാർ ഒഴികെ മറ്റ് യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.