Taiwan: മെട്രോ സ്റ്റേഷനുകളിൽ കത്തിയാക്രമണം, തായ്വാനിൽ 3 പേർക്ക് ദാരുണാന്ത്യം
Knife Attack In Taiwan Metro Stations: സ്റ്റേഷനുള്ളിൽ സ്മോക്ക് ഗ്രനേഡ് എറിഞ്ഞ അക്രമി തുടർന്ന് യാത്രക്കാർക്ക് നേരെ കത്തിവീശുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

Knife Attack In Taiwan
തായ്പേ: മെട്രോ സ്റ്റേഷനിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കത്തിയാക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പോലീസ് തേടിക്കൊണ്ടിരുന്ന വ്യക്തിയാണ് അക്രമിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. തായ്വാൻ സ്വദേശിയായ അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സ്റ്റേഷനുള്ളിൽ സ്മോക്ക് ഗ്രനേഡ് (പുക ബോംബ്) എറിഞ്ഞ അക്രമി തുടർന്ന് യാത്രക്കാർക്ക് നേരെ കത്തിവീശുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. അക്രമിയെ പിടികൂടാൻ ശ്രമിച്ചവരിലൊരാളും കൊല്ലപ്പെട്ടു.
തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച ശേഷം, മറ്റൊരു മെട്രോ സ്റ്റേഷനായ സോങ്ഷാനിലാണ് കത്തിയാക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആളുകൾ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
തായ്വാനിൽ അക്രമങ്ങൾ അപൂർവ്വ സംഭവമാണ്. 2014ൽ തായ്പേയിൽ സമാനമായ അക്രമം നടന്നിരുന്നു. സംഭവത്തെത്തുടർന്ന് തായ്‌പേയ് മേയർ ചിയാങ് വാൻ-ആൻ മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർദ്ധിപ്പിക്കാൻ ഉത്തരവിട്ടു. പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-ടെ ആവശ്യപ്പെട്ടു.