Submarine Attack: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം; 101 പേരെ കാണാനില്ല; നിരവധി പേര്‍ക്ക് പരിക്ക്
Submarine attack on Iranian frigate IRIS Dena: ശ്രീലങ്കൻ തീരത്തിന് സമീപം അന്തർവാഹിനി ഇറാനിയൻ കപ്പലിനെ ആക്രമിച്ചതായി റിപ്പോർട്ട്. 101 പേരെ കാണാതായി. 78 പേര്‍ക്ക് പരിക്ക്.
ശ്രീലങ്കൻ തീരത്തിന് സമീപം അന്തർവാഹിനി ഇറാനിയൻ കപ്പലിനെ ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 32 പേരുടെ നില ഗുരുതരമാണ്. മുങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ കപ്പലിലുണ്ടായിരുന്ന 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏഴ് പേർ അടിയന്തര ചികിത്സയിലാണെന്നും മറ്റുള്ളവർ നിസാര പരിക്കുകളോടെ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു. ഒരാളുടെ നില അതീവ ഗുരുതരമാണ്.
180 പേരുമായി സഞ്ചരിക്കുകയായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് നാവികസേന വിമാനങ്ങളും കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി അയച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു.
എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി പുറത്തുവിട്ടിട്ടില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കപ്പൽ ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്നാണ് സൂചന.
റിപ്പോർട്ട് ശരിയല്ല
അതേസമയം, 101 പേരെ കാണാതായെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും നാവികസേന വക്താവ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായി സൂചനയുണ്ട്.