UAE Weather forecast: യു.എ.ഇയിൽ ഇന്ന് കനത്ത ചൂട്; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
UAE Weather Alert: തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉച്ചകഴിഞ്ഞ് രാജ്യത്തിൻ്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി വർധിക്കാം എന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്

പ്രതീകാത്മക ചിത്രം
ദുബായ്: യു.എ.ഇയിൽ ഞായറാഴ്ച കനത്ത ചൂട് അനുഭവപ്പെട്ടേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. രാജ്യത്തെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആകാശം പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും. കിഴക്കൻ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു..
വിവിധ ഇടങ്ങളിലെ താപനില
ലിവയിൽ 48 ഡിഗ്രി സെൽഷ്യസ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ 47 ഡിഗ്രി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ 46 ഡിഗ്രി, ഉമ്മുൽ ഖുവൈനിൽ 45 ഡിഗ്രി എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. രാത്രിയിലെ താപനില 20-നും 30 ഡിഗ്രിക്കും ഇടയിലായിരിക്കും.
തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി കൂടുതലായിരിക്കും. ചില ദ്വീപുകളിൽ ഇത് 90 ശതമാനം വരെ എത്തിയേക്കാമെങ്കിലും ഉൾപ്രദേശങ്ങളിൽ ഈർപ്പം വളരെ കുറവായിരിക്കും. മിതമായ വേഗതയിലുള്ള കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശീയേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും എന്നാണ് നിലവിലെ വിവരം.
തിങ്കൾ മുതൽ ബുധൻ വരെ കാലാവസ്ഥയിൽ മാറ്റം
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉച്ചകഴിഞ്ഞ് രാജ്യത്തിൻ്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി വർധിക്കാം എന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ആഴ്ചയുടെ പകുതിവരെ ആകാശം ഭാഗികമായി മേഘാവൃതമായി തുടരും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലെയും കടൽക്ഷോഭം കുറവായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം യു.എ.യിലെ ഈ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ (ഓഗസ്റ്റ് 1) രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് അബുദാബിയിലെ അൽ ഷവാമെഖിൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. അൽ ഐനിലെ സുവൈഹാനിലാണ് ഇതിന് തൊട്ടുമുൻപ് ഉയർന്ന താപനില രേഖപ്പെടുത്തിയത് 49.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വെള്ളിയാഴ്ച ഉച്ചയോടെ രേഖപ്പെടുത്തിയ താപനില. യു.എ.ഇയിൽ കടുത്ത വേനൽക്കാലം അവസാനിക്കാൻ പോകുന്ന സമയത്താണ് ചൂട് ഈ നിലയിൽ ഉയരുന്നത്. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്ന ‘ജംറത്ത് അൽ ഖെയ്ത്’ എന്നറിയപ്പെടുന്ന കാലയളവ് ഓഗസ്റ്റ് 10 വരെ തുടരും.
English Summary
The UAE is experiencing intense summer heat, with Abu Dhabi recording a peak of 50°C recently. While temperatures hover around 48°C inland, coastal areas face high humidity. However, weather forecasts predict a shift, with rainfall, dust storms, and cloudy skies expected in eastern and southern regions by midweek.