Etihad Rail: യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിഹാദ് റെയിൽ; പണം നഷ്ടമാകാതിരിക്കാൻ നിയമങ്ങൾ അറിയാം!
Missed Your Train? No Refund for Late Arrivals, Warns Etihad Rail: പുതിയ പാസഞ്ചർ ചാർട്ടർ പ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് കൃത്യം രണ്ട് മിനിറ്റുകൾക്ക് മുൻപ് ബോർഡിങ് ഗേറ്റുകൾ അടയ്ക്കും. ഇതിന് ശേഷം പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാൻ യാത്രക്കാരെ അനുവദിക്കില്ല. വൈകിയെത്തുന്നവർക്ക് വേണ്ടി ട്രെയിനിന് കാത്തുനിൽക്കാൻ കഴിയില്ലെന്നും എത്തിഹാദ് റെയിൽ വ്യക്തമാക്കി

Etihad Rail
അബുദാബി: ട്രെയിൻ യാത്രക്കാർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യു,എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ എത്തിഹാദ് റെയിൽ. സ്വന്തം വീഴ്ചകൾ കാരണം കൃത്യസമയത്ത് ട്രെയിനിൽ കയറാനാവാത്ത സ്ഥിതി ഉണ്ടായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുകയോ പകരം സേവനങ്ങൾ ഏർപ്പെടുത്തി നൽകുകയോ ചെയ്യില്ലെന്ന് എത്തിഹാദ് റെയിൽ വ്യക്തമാക്കി. ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും യാത്രക്കാർ സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശം നൽകി.
പുതിയ പാസഞ്ചർ ചാർട്ടർ പ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് കൃത്യം രണ്ട് മിനിറ്റുകൾക്ക് മുൻപ് ബോർഡിങ് ഗേറ്റുകൾ അടയ്ക്കും. ഇതിന് ശേഷം പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാൻ യാത്രക്കാരെ അനുവദിക്കില്ല. വൈകിയെത്തുന്നവർക്ക് വേണ്ടി ട്രെയിനിന് കാത്തുനിൽക്കാൻ കഴിയില്ലെന്നും എത്തിഹാദ് റെയിൽ വ്യക്തമാക്കി. ടിക്കറ്റെടുത്ത ശേഷം യാത്ര ചെയ്യാത്തവരെയും ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് ടിക്കട് ക്യാൻസൽ ചെയ്യാത്തവരെയും ‘നോ ഷോ’ എന്ന നിലയിലാണ് കണക്കാക്കുക. ഇവർക്ക് പണം തിരികെ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക. തെറ്റായ സ്റ്റേഷനിൽ ഇറങ്ങുകയോ, തെറ്റായ ട്രെയിൽ കയറുകയോ ചെയ്താലും കമ്പനിക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
എത്തിഹാദ് റെയിൽ കാരണം യാത്ര മുടങ്ങിയാൽ?
എത്തിഹാദ് റെയിലിൻ്റെ ഭാഗത്ത് നിന്നുള്ള സാങ്കേതിക തകരാറുകളോ മറ്റു പ്രശ്നങ്ങളോ കാരണം ട്രെയിൻ സേവനം മുടങ്ങുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് റീഫണ്ട് നൽകുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യും. ട്രെയിൻ 30 മിനിറ്റിലധികം വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരികെ വാങ്ങുകയോയോ മറ്റൊരു സർവീസിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കുകയോ ചെയ്യാം. ട്രെയിൻ പൂർണമായും റദ്ദാക്കിയാൽ മറ്റൊരു ട്രെയിൻ യാത്ര ചെയ്യൻ അവസരമൊരുക്കും, അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ മറ്റു യാത്രാ മാർഗങ്ങൾ ഏർപ്പെടുത്തി നൽകും. യാത്ര തുടങ്ങിയ ശേഷം ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ അധിക തുക ഈടാക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും എത്തിഹാദ് ഉറപ്പ് നൽകുന്നുണ്ട്.
ട്രെയിൻ വൈകിയാൽ അത് സംബന്ധിച്ച വിവരങ്ങൾ, എസ്.എം.എസ്. ഇ-മെയിൽ, വാട്ട്സ് ആപ്പ് എന്നിവയിലൂടെ യാത്രക്കാരെ അറിയിക്കും. ഇതിന് പുറമെ സ്റ്റേഷനുകളിലെ സ്ക്രീനുകളിലും ട്രെയിനുകൾക്കുള്ളിലും അറിയിപ്പുകൾ നൽകും. എത്തിഹാദ് റെയിൽ കാരണം കണക്ഷൻ ട്രെയിൻ നഷ്ടമായാൽ അടുത്ത ട്രെയിൽ സൗജന്യമായി യാത്ര ചെയ്യാൻ അവസരമൊരുക്കുമെന്നും എത്തിഹാദ് അധികൃതർ വ്യക്തമാക്കി.
English Summary
Etihad Rail warned passengers that late arrivals missing their train won’t receive refunds. Boarding gates close two minutes before departure. However, passengers get refunds or rebooking if the operator delays or cancels trains.