Russian Oil: ‘റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് നൽകിയ ഇളവ് പുതുക്കില്ല’, വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി
US Ends Sanctions Waivers for Russian Oil: റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ താൽകാലിക ഇളവ് പുതുക്കില്ലെന്ന് അറിയിപ്പ്. ഇവിടെങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് യുഎസ് സെക്രട്ടറി സ്കോട്ട് ബെസന്റാണ് അറിയിച്ചത്. ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടർന്നുള്ള പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് മറ്റൊരു അറിയിപ്പുമായി അമേരിക്ക. റഷ്യൻ, ഇറാനിയൻ എണ്ണ (Russian And Iranian Oil) വാങ്ങാൻ ഇന്ത്യക്ക് നൽകിയ താൽകാലിക ഇളവ് പുതുക്കില്ലെന്ന് അറിയിപ്പ്. ഈ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് യുഎസ് സെക്രട്ടറി സ്കോട്ട് ബെസൻ്റ് അറിയിച്ചു. ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്കോട്ട് ബെസൻ്റ് കൂട്ടിച്ചേർത്തു.
ഇളവ് ഏപ്രിൽ 19ന് അവസാനിക്കും
ഏപ്രിൽ 19ന് ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന ഇളവ് അവസാനിക്കും. മുപ്പത് ദിവസത്തെ ഇളവാണ് കരാർ പ്രകാരം ഇന്ത്യക്ക് അമേരിക്ക നൽകിയിരുന്നത്. റഷ്യൻ എണ്ണയ്ക്ക് നൽകിയിരുന്ന ഇളവ് ഇതിനോടകം അവസാനിച്ചതായും യുഎസ് സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. നിലവിൽ കടലിൽ എത്തിയിട്ടുള്ള എണ്ണകളുടെ ഇടപാടുകൾക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകില്ലെന്നും മുമ്പ് സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയിരുന്നു.
ALSO READ: ‘ഹോര്‍മുസില്‍ തര്‍ക്കം പാടില്ല, സുരക്ഷിതമായിരിക്കണം’; ട്രംപുമായി സംസാരിച്ച് മോദി
യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കും
ഇറാൻ ആഗോളവിപണിയെ ബന്ധിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം, കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു താൽകാലിക നടപടി സ്വീകരിച്ചതെന്നാണ് സ്കോട്ട് ബെസെന്റ് പറഞ്ഞത്. കൂടാതെ, അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ ഇനി മുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചു.
അതേസമയം, യുഎസ് – ഇസ്രായേൽ – ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതും ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറഞ്ഞു. എണ്ണ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ പോയി.