Unemployment at US: പണിയില്ല സർ, ആനുകൂല്യം വേണം… അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു
US Unemployment is increasing: തൊഴിൽ വിപണിയിലെ തണുപ്പൻ പ്രതികരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉപഭോക്തൃ, ബിസിനസ്സ് മനോഭാവത്തെ ബാധിച്ചിട്ടുണ്ടെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ലഭിക്കാനായി പുതുതായി അപേക്ഷിക്കുന്നവരുടെ എണ്ണം എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. യുഎസും മറ്റ് ലോകരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന താരിഫ് അനിശ്ചിതത്വങ്ങൾക്കിടയിലെ ഈ വർദ്ധനവ്, രാജ്യത്തെ നയരൂപീകരണ ഉദ്യോഗസ്ഥരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
യുഎസ് തൊഴിൽ വകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് 31-ന് അവസാനിച്ച ഒരാഴ്ചയിൽ 8000 പേരുടെ വർദ്ധനവാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള പുതിയ അപേക്ഷകളിൽ രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം അപേക്ഷകരുടെ എണ്ണം 247,000 ആയി ഉയർന്നു. 2024 ഒക്ടോബർ മുതൽ രേഖപ്പെടുത്തിയ പ്രതിവാര കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. സാമ്പത്തിക വിദഗ്ധർ 237,000 പുതിയ അപേക്ഷകളാണ് പ്രവചിച്ചിരുന്നത്.
കോവിഡ്-19 മഹാമാരി വ്യാപകമായ സമയത്ത് മാത്രമാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകരുടെ എണ്ണം ഇത്രയധികം വർദ്ധിച്ചിട്ടുള്ളത്. നിലവിലെ വർദ്ധനവ്, അമേരിക്കൻ കമ്പനികൾക്കിടയിൽ വർദ്ധിച്ചുവരുന്ന പിരിച്ചുവിടലുകളുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഴ്ചതോറും ഉണ്ടാകുന്ന തൊഴിലില്ലായ്മ അപേക്ഷകളിലൂടെ പിരിച്ചുവിടൽ വ്യാപകമായി വർധിച്ചിരിക്കുന്നു എന്ന വിലയിരുത്തലാണ് പ്രബലമാകുന്നത്.
Also read – കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
തൊഴിൽ വിപണിയിലെ തണുപ്പൻ പ്രതികരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉപഭോക്തൃ, ബിസിനസ്സ് മനോഭാവത്തെ ബാധിച്ചിട്ടുണ്ടെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഒരുമിച്ച് ഉയർത്താൻ സാധ്യതയുണ്ടെന്ന അസാധാരണമായ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് കേന്ദ്ര ബാങ്കിന്റെ വില നിയന്ത്രിക്കുകയും തൊഴിലില്ലായ്മ കുറയ്ക്കുകയും ചെയ്യുക എന്ന ഇരട്ട ചുമതലയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
സമീപകാലത്ത് പ്രോക്ടർ ആൻഡ് ഗാംബിൾ, വർക്ക്‌ഡേ, ഡൗ, സിഎൻഎൻ, സ്റ്റാർബക്സ്, സൗത്ത് വെസ്റ്റ് എയർലൈൻസ്, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റാ തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ വർഷം തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കണക്കുകൾ, അമേരിക്കൻ തൊഴിൽ വിപണിയിൽ ആശങ്കയുണർത്തുന്ന സൂചനകളാണ് നൽകുന്നത്.