Donald Trump: ‘വെളിവ് നഷ്ടപ്പെട്ട അയാളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല’; മസ്കിനെതിരെ ഡൊണാൾഡ് ട്രംപ്
Donald Trump About Elon Musk: ഡൊണാൾഡ് ട്രംപുമായി ഇലോൺ മസ്ക് ഒരു ഫോൺകോൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

വാഷിങ്ടൺ: ഇലോൺ മസ്‌കുമായി സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപുമായി മസ്ക് ഒരു ഫോൺകോൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെളിവ് നഷ്ടപ്പെട്ട ആളെയാണോ നിങ്ങൾ ഉദ്ദേശിച്ചത് എന്നായിരുന്നു ട്രംപ് ആദ്യം ചോദിച്ചത്. ശേഷം, തനിക്ക് ഇപ്പോൾ മസ്കിനോട് സംസാരിക്കാൻ പ്രത്യേകിച്ച് താൽപ്പര്യമൊന്നുമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
തന്നോട് സംസാരിക്കാൻ മസ്കിന് താത്പര്യം ഉണ്ടെന്നും എന്നാൽ താൻ തയ്യാറല്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇരുവരും തമ്മിൽ ഉള്ള അസ്വാരസ്യങ്ങൾ പരസ്യമായ വാക്കുതർക്കങ്ങളിലേക്ക് എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ ഫോണിൽ ബന്ധപ്പെടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതാണിപ്പോൾ ട്രംപ് പരസ്യമായി നിഷേധിച്ചത്. കൂടാതെ, മസ്കിനെ വിമർശിക്കുകയും ചെയ്തു.
കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ ട്രംപിന്റെ നിയമങ്ങളിലൊന്നായ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെ മസ്ക് രൂക്ഷമായി വിമർശിച്ചിരുന്നു. വെറുപ്പുളവാക്കും വിധം മ്ലേച്ഛം എന്നായിരുന്നു മസ്ക് ബില്ലിനെ ആക്ഷേപിച്ചത്. പിന്നാലെ, ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായ മസ്കുമായുള്ള തൻ്റെ ബന്ധം ഇനി നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് ട്രംപും അറിയിച്ചു. മസ്കും താനും തമ്മിൽ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും, അതുകൊണ്ട് തന്നെ മറ്റാരെക്കാളും ബില്ലിന്റെ ഉള്ളടക്കവും പിന്നിലെ പ്രവർത്തനവും മസ്കിന് അറിയാമെന്നും, പെട്ടെന്ന് അദ്ദേഹത്തിന് ഇതൊരു പ്രശ്നമായി തീർന്നിരിക്കുന്നു എന്നും ട്രംപ് പറഞ്ഞു.
ALSO READ: ‘ജെഫ്രി എപ്സ്റ്റൈൻ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരും’; ആരോപണവുമായി മസ്ക്
ഇതിന് മറുപടിയായി താൻ പിന്തുണച്ചില്ലായിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമായിരുന്നു എന്നാണ് മസ്‌ക് പ്രതികരിച്ചത്. ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത് അങ്ങേയറ്റത്തെ നന്ദികേടാണെന്നും മസ്‌ക് എക്‌സിൽ കുറിച്ചിരുന്നു. തർക്കങ്ങൾക്കിടെ പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി കൊണ്ട് അഭിപ്രായ സർവേയും ഇലോൺ മസ്‌ക് എക്സിൽ പങ്കുവെച്ചിരുന്നു.