Parle-G Biscuit: അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന് ഗസയിൽ വില 2400 രൂപ; പോസ്റ്റ് വൈറൽ
Rs 5 Parle G Biscuit Costs Rs 2400 In Gaza: അഞ്ച് രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്ന പാർലെ-ജി ബിസ്കറ്റിന് ഗസയിൽ നൽകേണ്ട വില 2400 രൂപയെന്ന് വെളിപ്പെടുത്തൽ. എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലാണ് ഈ വെളിപ്പെടുത്തൽ.

അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന് ഗസയിൽ വില 2400 രൂപ. അഫ്ഗാൻ പൗരൻ തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇന്ത്യയിലെ വിലയുടെ 500 ഇരട്ടി വിലയ്ക്കാണ് ഈ ബിസ്കറ്റ് വാങ്ങുന്നതെന്ന് അവകാശവാദമുന്നയിച്ചത്. ഇക്കാര്യത്തിൽ പാർലെജിയോ മറ്റ് അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുംബൈ ആസ്ഥാനമായ പാർലെ പ്രൊഡക്ട്സ് ആണ് പാർലെ-ജി ബിസ്കറ്റ് നിർമ്മിക്കുന്നത്. ഗസയിൽ അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റ് വില്പന നടത്തുന്നത് 24 യൂറോയ്ക്ക് (ഇന്ത്യൻ കറൻസിയിൽ 2342 രൂപ) ആണെന്നാണ് മുഹമ്മദ് ജവാദ് എന്ന എക്സ് ഹാൻഡിലിൻ്റെ പോസ്റ്റ്. ‘ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ റവീഫിന് അവളുടെ പ്രിയപ്പെട്ട ബിസ്കറ്റ് ലഭിച്ചിരിക്കുന്നത്. ഒന്നര യൂറോയിൽ നിന്ന് 24 യൂറോ ആയി വില ഉയർന്നെങ്കിലും അവളുടെ പ്രിയപ്പെട്ട ട്രീറ്റ് നിഷേധിക്കാൻ എനിക്ക് കഴിഞ്ഞില്ല.’- വൈറൽ പോസ്റ്റിൽ പറയുന്നു. പോസ്റ്റിനൊപ്പം പാർലെ-ജി ബിസ്കറ്റിൻ്റെ പാക്കറ്റുകളുമായി ഇരിക്കുന്ന ഒരു യുവാവിനെയും അയാളുടെ മടിയിൽ ഒരു പെൺകുട്ടിയെയും കാണാം. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വൈറൽ പോസ്റ്റ്
After a long wait, I finally got Ravif her favorite biscuits today. Even though the price jumped from €1.5 to over €24, I just couldn’t deny Rafif her favorite treat. pic.twitter.com/O1dbfWHVTF
— Mohammed jawad 🇵🇸 (@Mo7ammed_jawad6) June 1, 2025
ഗസയിലെ ജനത ഇപ്പോൾ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. ഇക്കൊല്ലം മാർച്ച് രണ്ട് മുതൽ മെയ് 19 വരെയുള്ള സമയത്ത് പലസ്തീൻ ജനത പ്രതിസന്ധി വളരെ ഗുരുതരമായി. ഭക്ഷണവുമായി എത്തിയ സഹായ ട്രക്കുകളിൽ വളരെ കുറച്ചെണ്ണത്തിനെ മാത്രമാണ് ഇസ്രയേൽ കടത്തിവിട്ടത്. കഴിഞ്ഞ ദിവസം ഗസയിൽ ഭക്ഷണം കാത്തുനിന്നവർക്കെതിരെ ഇസ്രയേൽ വീണ്ടും വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് ഭക്ഷണം കാത്തുനിന്നവർക്കെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 34 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ലോകവ്യാപകമായി ഇസ്രയേലിനെതിരായ വിമർശനം ശക്തമാണ്.