Zelensky: യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സെലെൻസ്കി, തീരുമാനത്തിന് പിന്നിൽ ട്രംപ്?
Zelensky Announces Readiness To Hold Elections: തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെ സെലൻസ്കിയെ വിമർശിച്ചിരുന്നു. മാർഷൽ നിയമം കാരണം മാറ്റിവെച്ച തിരഞ്ഞെടുപ്പുകൾ നീട്ടിക്കൊണ്ടു പോകാൻ യുക്രൈൻ 'യുദ്ധത്തെ ഉപയോഗിക്കുന്നു' എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്.

Volodymyr Zelenskyy
കീവ്: രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. നാല് വർഷത്തോളമായി തുടരുന്ന റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യുഎസ് നിർദേശങ്ങളിൽ ഭേദഗതി വരുത്തി ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎസിന്റെ കരാർ റഷ്യയ്ക്ക് അനുകൂലമാണെന്ന് യുക്രൈന്റെ സഖ്യകക്ഷികൾ വിമർശിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെ സെലൻസ്കിയെ വിമർശിച്ചിരുന്നു. മാർഷൽ നിയമം കാരണം മാറ്റിവെച്ച തിരഞ്ഞെടുപ്പുകൾ നീട്ടിക്കൊണ്ടു പോകാൻ യുക്രൈൻ ‘യുദ്ധത്തെ ഉപയോഗിക്കുന്നു’ എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്. മാർഷൽ നിയമത്തിന്റെ കീഴിലേക്ക് രാജ്യം എത്തിയതോടെ മാർച്ച് 2024-ൽ നടക്കേണ്ടിയിരുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പാണ് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ ട്രംപിന്റെ പരാമർശത്തിന് പിന്നാലെ താൻ ഞാൻ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറാണ് എന്ന പ്രസ്താവനയുമായി സെലൻസ്കി മാധ്യമപ്രവർത്തകരുടെ മുന്നിലെത്തി. തിരഞ്ഞെടുപ്പ് നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ സെലെൻസ്‌കി യുക്രെയ്ൻ നിയമനിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് സഖ്യകക്ഷികളോട് സെലെൻസ്കി അഭ്യർത്ഥിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ യുഎസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വന്നാൽ അടുത്ത 60 – 90 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ യുക്രൈൻ തയ്യാറാകുമെന്നും പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
അതേസമയം, യു.എസ് മുന്നോട്ട് വച്ച നിർദേശങ്ങളിൽ മറുപടി നൽകുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ് സെലൻസ്കി. കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടൻ, ബ്രസ്സൽസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ തലസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു.