Iron Dome: ഇസ്രയേലിനു കവചമൊരുക്കുന്ന പ്രതിരോധ സംവിധാനം; അയൺ ഡോം എന്താണ്?
What is Iron Dome: ഇസ്രേയിലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള ഒരു പ്രതിരോധ സംവിധാനമാണ് അയൺ ഡോം. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവി) എന്നിവയെ നേരിടാൻ വേണ്ടിയാണ് ഇത് വിന്യസിച്ചിട്ടുള്ളത്.
ഒടുവിൽ ലോകം ഭയന്നതുപോലെ സംഭവിക്കാൻ പോകുന്നു. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുന്നതിനുള്ള സൂചനയാണ് ഇസ്രയേല്‍-ഇറാൻ ആക്രമണം ചൂണ്ടികാട്ടുന്നത്. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണമാണ് ഇറാൻ ലക്ഷ്യമിടുന്നത്. മണിക്കുറുകൾക്കുള്ളിൽ നൂറുകണക്കിന് മിസൈലുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരത്തിന് മുകളിലൂടെയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. നിരവധി പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ ഇസ്രായേലിന്റെ കണക്ക് കൂട്ടലുകൾ ആകെ താളം തെറ്റിയിരിക്കുകയാണ്.
ഇസ്രായേലിന്റെ ഏറ്റവും വലിയ നഗരമായ ടെല്‍ അവീവിൽ ഉള്‍പ്പെടെ മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രണമണം നടത്തിയെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡും വ്യക്തമാക്കിയിരുന്നു. അതേസമയം ഇറാൻ ചെയ്തത് ഒരു വലിയ തെറ്റാണെന്നും അതിനുള്ള മറുപടി കൊടുക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’’– നെതന്യാഹു പറഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉടൻ അനുഭവിക്കുമെന്നും ഇസ്രയേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ ഇറാൻ ജെറുസലേമിലും ടെല്‍ അവീവിലും റോക്കറ്റുകള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ഇസ്രായേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ഉപയോഗിച്ച് മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രായേലും തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇസ്രയേലിന്റെ അയൺ ഡോം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ലോകത്തിൽ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമാണ് ‘അയൺ ഡോം സിസ്റ്റം’. ഇതോടെ എന്താണ് അയൺ ഡോം എന്ന് ചോദിക്കാം.
എന്താണ് അയൺ ഡോം സംവിധാനം?
ഇസ്രേയിലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള ഒരു പ്രതിരോധ സംവിധാനമാണ് അയൺ ഡോം. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവി) എന്നിവയെ നേരിടാൻ വേണ്ടിയാണ് ഇത് വിന്യസിച്ചിട്ടുള്ളത്. ഭൂമിയും ആകാശവും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയൺ ഡോം സിസ്റ്റം. 2006-ലുണ്ടായ ലെബനൻ ആക്രമണത്തിൽ നിരവധി ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം ഇസ്രേയിലിനു ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇത്തരത്തിലുള്ള ഒരു സംവിധാനം നിർമ്മിക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചത്. ഇതോടെ 2011 മുതൽ അയൺ ഡോം സംവിധാനം രാജ്യത്തെ സംരക്ഷിക്കാൻ തുടങ്ങി. വ്യോമാതിർത്തിയിൽ തന്നെ ശത്രുക്കളുടെ മിസൈലുകളും റോക്കറ്റുകളും ടാർഗറ്റ് ചെയ്ത് അവയുടെ പാത, വേഗത, ലക്ഷ്യം എന്നിവ നിമിഷങ്ങൾക്കുള്ളിൽ കണക്കുകൂട്ടി അവയെ വായുവിൽ വച്ചുതന്നെ നശിപ്പിക്കുകയാണ് അയൺ ഡോം സംവിധാനം ചെയ്യുന്നത്. 70 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഈ സംവിധാനം സുരക്ഷയൊരുക്കുന്നത്. ഒരു യൂണിറ്റായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് മൂന്ന് ഘടകങ്ങളുണ്ട്. ശത്രുക്കൾ വിന്യസിക്കുന്ന വ്യോമ ആയുധങ്ങളെ കണ്ടെത്താനുള്ള റഡാർ, ആയുധങ്ങളെയും യുദ്ധത്തെയും നിയന്ത്രിക്കാനുള്ള സംവിധാനം, 20 തമിർ മിസൈലുകൾ ഉൾപ്പെടുന്ന മിസൈൽ ലോഞ്ചർ എന്നിവയാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?
രാജ്യത്തിനു നേരെ ആരെങ്കിലും ഒരു റോക്കറ്റ് വർഷിക്കുമ്പോൾ റഡാർ സംവിധാനം വഴി ഇത് കണ്ടെത്തി ആയുധ നിയന്ത്രണ സംവിധാനത്തിന് വിവരം നൽകുന്നു. ഇതോടെ റോക്കിറ്റിന്റെ വേഗത, ലക്ഷ്യം, സഞ്ചാരപാത എന്നിവ മനസ്സിലാക്കുന്നു. ഇതോടെയാണ് വായുവിൽ വച്ച് തന്നെ ഇത് നശിപ്പിക്കുന്നത്. ഒരൊറ്റ ബാറ്ററിയിൽ തന്നെ മൂന്നോ നാലോ ലോഞ്ചറുകളാണ് ഉള്ളത്. ഇസ്രയേലിന് ഇത്തരത്തിൽ പത്ത് ബാറ്ററികളുണ്ട് എന്നാണ് റിപ്പോർട്ട്. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആയുധ കമ്പനിയായ റഫേൽ അഡ്വാൻസ്‌ഡ് ഡിഫൻസ് സിസ്റ്റം ആണ് അയൺ ഡോം സംവിധാനത്തിന്റെ നിർമാതാക്കൾ.