Zohran Mamdani: ന്യൂയോർക്ക് പിടിച്ച് സോഹ്റൻ മംദാനി; ആദ്യത്തെ ഇന്ത്യൻ – അമേരിക്കൻ മുസ്ലിം മേയർ
Zohran Mamdani New York Mayor: ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി സോഹ്റൻ മംദാനി. ന്യൂയോർക്കിലെ ആദ്യ മുസ്ലിം മേയറാണ് മംദാനി.
ന്യൂയോർക്ക് സിറ്റി പിടിച്ച് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ സോഹ്റൻ മംദാനി. മുൻ ന്യൂയോർക്ക് ഗവർണറായ ആൻഡ്രൂ കുവോമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കർട്ടിസ് സ്ലീവയെയുമാണ് 34 വയസുകാരനായ സോഹ്റൻ മംദാനി പരാജയപ്പെടുത്തിയത്. ന്യൂയോർക്കിലെ ആദ്യ മുസ്ലിം മേയറും അമേരിക്കയിലെ ആദ്യ ഇന്ത്യൻ – അമേരിക്കൻ മുസ്ലിം മേയറുമാണ് മംദാനി.
കഴിഞ്ഞ നൂറ് വർഷത്തിൽ ന്യൂയോർക്ക് മേയറാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് സോഹ്റൻ മംദാനി. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ അദ്ദേഹം സ്ഥാനമേൽക്കും. ഇന്ത്യൻ സംവിധായിക മീരാ നായറിൻ്റെയും ഉഗാണ്ടൻ പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. 1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കമ്പാലയിലാണ് അദ്ദേഹം ജനിച്ചത്.
ഉഗാണ്ടയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും അവിടെ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കും എത്തിയ അദ്ദേഹം ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രൻ, ബ്രോങ്ക്സ് ഹൈസ്കൂൾ ഫോർ സയൻസ് എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ആഫ്രിക്കാന സ്റ്റഡീസിൽ ബോഡോയ്ൻ കോളജിൽ നിന്ന് 2014ലാണ് അദ്ദേഹം ബിരുദം നേടിയത്. മംദാനി കമ്മ്യൂണിസ്റ്റ് ആണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയെ കൂടുതൽ ജീവിതയോഗ്യമാക്കുമെന്ന ആശയം മുന്നോട്ടുവച്ചായിരുന്നു മംദാനിയുടെ പ്രചാരണം. രണ്ട് ലക്ഷം പബ്ലിക് ഹൗസിങ് യൂണിറ്റുകൾ, യൂണിവേഴ്സൽ ചൈൽഡ്കെയർ, സൗജന്യ ട്യൂഷൻ, സൗജന്യ ബസ് സർവീസ്, സർക്കാർ നടത്തുന്ന പലചരക്ക് കടകൾ തുടങ്ങി വിവിധ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. 2030ഓടെ മണിക്കൂറിൽ ശരാശരി വേതനം 30 ഡോളർ ആക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. ഇത് അദ്ദേഹത്തിൻ്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചെന്നാണ് വിലയിരുത്തൽ.