Parliament Budget Session 2026: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; തൊഴിലുറപ്പ്, എസ്ഐആർ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം
Parliament Budget Session 2026 begin today: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിൽ ബജറ്റിന് തന്നെയായിരിക്കും മുൻഗണനയെന്നും മറ്റ് വിഷയങ്ങൾ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചാവേളയിൽ ഉന്നയിക്കാമെന്നുമാണ് സർക്കാരിന്റെ നിലപാട്.
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സമ്മേളനം ചേരുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയുമായിരിക്കും. സമ്മേളനത്തിന് മുന്നോടിയായി ബിജെപി, ഇന്ത്യ സഖ്യ മുന്നണികളുടെ യോഗം ഉണ്ടായിരിക്കും.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
തൊഴിലുറപ്പ് പദ്ധതി, വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ നേരിടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. യു.പി.എ സർക്കാരിന്റെ കാലത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം സർക്കാർ കൊണ്ടുവന്ന പുതിയ ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)’ നിയമത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുണ്ട്.
ALSO READ: പതിവ് തെറ്റിക്കാതെ ധനമന്ത്രി, ബജറ്റ് ഒരുക്കങ്ങൾക്ക് ആവേശം പകർന്ന് ‘ഹൽവ ചടങ്ങ്’
സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സുഗമമായ സഭാനടപടികൾക്കായി സർക്കാർ സഹകരണം തേടി. എന്നാൽ എം.ജി.എൻ.ആർ.ഇ.ജി.എ, എസ്.ഐ.ആർ വിഷയങ്ങളിൽ പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ രാജ്യത്തെ സാമ്പത്തിക സ്ഥിതി, വിദേശനയം, ലഡാക്ക്, ജമ്മു കശ്മീർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. എന്നാൽ ബജറ്റ് സമ്മേളനത്തിൽ ബജറ്റിന് തന്നെയായിരിക്കും മുൻഗണനയെന്നും മറ്റ് വിഷയങ്ങൾ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചാവേളയിൽ ഉന്നയിക്കാമെന്നുമാണ് സർക്കാരിന്റെ നിലപാട്.