Union Budget 2026: കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഇന്ന്; ഞായറാഴ്ചയില്‍ കണ്ണുംനട്ട് കേരളവും
Kerala Expectations From Union Budget 2026: ഭവന വായ്പയുടെ പലിശ ഇളവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ശക്തമാണ്. കൂടാതെ ശമ്പളക്കാര്‍ക്കുള്ള സ്റ്റേന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒരു ലക്ഷം ആക്കാനും കേന്ദ്രം തയാറാകും. ബജറ്റ് കണക്കിലെടുത്ത് ഓഹരി വിപണിയും ഇന്ന് പ്രവര്‍ത്തിക്കും.

യൂണിയന്‍ ബജറ്റ്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനം ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. രാജ്യമാകെ വലിയ ആകാംക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കാന്‍ പോകുന്ന ഒന്‍പതാമത് ബജറ്റ് കൂടിയാണിത്. ബജറ്റില്‍ കേരളത്തിന് ഉള്‍പ്പെടെ അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ.
നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്താനിടയുണ്ട്. എന്നാല്‍ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍ 12 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ആദായനികുതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. എന്നാല്‍ പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ചെറിയ ഇളവുകള്‍ വരുത്തിയേക്കാം.
ഭവന വായ്പയുടെ പലിശ ഇളവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ശക്തമാണ്. കൂടാതെ ശമ്പളക്കാര്‍ക്കുള്ള സ്റ്റേന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒരു ലക്ഷം ആക്കാനും കേന്ദ്രം തയാറാകും. ബജറ്റ് കണക്കിലെടുത്ത് ഓഹരി വിപണിയും ഇന്ന് പ്രവര്‍ത്തിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കാര്യമായ വിഹിതം ബജറ്റില്‍ അനുവദിച്ചേക്കാം. സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കേണ്ട നികുതി വിഹിതം, ഗ്രാന്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളുടെ പിന്‍ബലത്തിലാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്.
Also Read: Union Budget 2026: ഇപിഎസ് പെന്‍ഷന്‍ 7,500 രൂപയായി ഉയര്‍ത്തിയേക്കും; ബജറ്റില്‍ ഇപിഎഫ്ഒയിലും മാറ്റം
കേരളത്തിന് അതിവേഗ റെയില്‍പാതയും എയിംസും വയനാട് പുനരധിവാസവുമാണ് ബജറ്റില്‍ പ്രതീക്ഷ ഇരട്ടിയാക്കുന്നത്. ധനമന്ത്രി അതിവേഗ റെയില്‍പാതയ്ക്ക് അനുമതി നല്‍കുകയാണെങ്കില്‍ അത് പിണറായി സര്‍ക്കാരിന് വലിയ നേട്ടമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തെ നിരാശയിലാഴ്ത്തിയ വിഷയമാണ് എയിംസ്, എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ എയിംസ് കേരളത്തിന് അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായേക്കാം.
വയനാട് പുനരധിവാസത്തിന് ഫണ്ട് അനുവദിക്കുന്നതാണ് മറ്റൊരു പ്രധാന കാര്യം. കേന്ദ്ര ഇതിനായി തുക വകയിരുത്തുകയാണെങ്കില്‍ കേരളത്തിന് വലിയ ആശ്വാസമാകും. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങള്‍ കേന്ദ്രം നടത്തുമോ എന്ന കാര്യവും സംശയമുനയിലാണ്.