Union Budget 2026 : രാജ്യത്തിൻ്റെ വികസനക്കുതിപ്പിന് പുതിയ ദിശാബോധം; പുതിയ ബജറ്റ് ഇന്ത്യയെ ആഗോള ഹബ്ബാക്കും
കോവിഡ് അനന്തര സാമ്പത്തിക വളർച്ചയുടെ വേഗത നിലനിർത്തിക്കൊണ്ട്, നിർമ്മാണ മേഖലയ്ക്കും എഐക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഇത്തവണത്തെ ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്
ന്യൂ ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനൊപ്പം ഭാവിയിലെ ആഗോള വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കുന്ന ഒരു നയരൂപരേഖയായിട്ടാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. കോവിഡ് അനന്തര സാമ്പത്തിക വളർച്ചയുടെ വേഗത നിലനിർത്തിക്കൊണ്ട്, നിർമ്മാണ മേഖലയ്ക്കും എഐക്കും മുൻഗണന നൽകുന്ന രീതിയിലാണ് ധനമന്ത്രി ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
1. അടിസ്ഥാന സൗകര്യ വികസനത്തിന് വൻ നിക്ഷേപം
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി റെക്കോർഡ് തുകയായ ₹12.2 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ജിഡിപിയുടെ 3.1 ശതമാനമാണ്. ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ, 20 പുതിയ ജലപാതകൾ, ചരക്ക് നീക്കം വേഗത്തിലാക്കാൻ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകളുടെ വിപുലീകരണം എന്നിവയാണ് ഇവയിൽ പ്രധാനം. മുൻ വർഷങ്ങളിൽ റോഡ് കണക്ടിവിറ്റിക്കായിരുന്നു കേന്ദ്രം പ്രാധാന്യം നൽകിയിരുന്നെങ്കിൽ അത് ഇപ്രാശ്യം റെയിൽവെയിലേക്കും മറ്റ് ഗതാഗതമേഖലയിൽ കൂടുതൽ ഊന്നൽ നൽകി.
2. നികുതി പരിഷ്കാരങ്ങൾ സാധാരണക്കാരനും പ്രവാസിക്കും ആശ്വാസം
സാധാരണക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. വിദേശ വിദ്യാഭ്യാസം, മെഡിക്കൽ ചികിത്സ, വിദേശ ടൂർ പാക്കേജുകൾ എന്നിവയ്ക്കുള്ള ടിസിഎസ് അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചു. 17 അത്യാവശ്യ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില ഇത് മുലം കുറയും. വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ നികുതി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി കുറച്ചു. വിദേശത്ത് നിന്നും കൊണ്ടുവരുന്ന ബാഗേജ് നിയമങ്ങളെ മാറ്റങ്ങളും വലിയതോതിൽ ആശ്വാസം പകരുന്നു.
3. ടെക്നോളജിയും ഇന്നൊവേഷനും
ഇന്ത്യയെ ഒരു ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റ്. സെമികണ്ടക്ടർ മിഷൻ 2.0: സെമികണ്ടക്ടർ രംഗത്തെ വിപ്ലവത്തിനായി കൂടുതൽ തുക വകയിരുത്തിട്ടുണ്ട്. ബയോഫാർമ മേഖലയിലെ ഗവേഷണങ്ങൾക്കായി ₹10,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ‘അപൂർവ്വ ധാതു ഇടനാഴി’ വികസിപ്പിക്കുമെന്ന് മന്ത്രി ബജറ്റിൽ അറിയിച്ചു.
കേരളത്തിന് കിട്ടിയത്
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ ഇടനാഴിയും എയിംസും ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചില്ല എന്നത് നിരാശയുണ്ടാക്കി. എങ്കിലും, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ അപൂർവ്വ ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയത് സംസ്ഥാനത്തെ ഖനന-ഗവേഷണ മേഖലയ്ക്ക് ഗുണകരമാകും. ആയൂർവേദ സംബന്ധിച്ചുള്ള ബജറ്റിലെ പ്രഖ്യാപനങ്ങളും തീരദേശം ടൂറിസം, നാളികേരം, കശുവണ്ടി കൃഷിക്ക് പ്രത്യേകം പരിഗണന നൽകിയതും കേരളത്തിനുള്ള നേട്ടങ്ങളാണ്.
സാമ്പത്തിക ലക്ഷ്യങ്ങൾ
ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2031-ഓടെ കടം-ജിഡിപി അനുപാതം 50 ശതമാനത്തിൽ എത്തിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.