8th Pay Commission: ജീവനക്കാർക്ക് ആനുകൂല്യങ്ങൾ എന്ന് ലഭിക്കും? ശമ്പളകമ്മീഷനെ കാത്തിരിക്കുന്നവർ ഇതും അറിയണം!
8th Pay Commission Update: ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്ന തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക ലഭിക്കാറുണ്ട്. എന്നാൽ ഇത് ഓരോ സംസ്ഥാന സർക്കാരിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും.
കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും സംസ്ഥാന സർക്കാർ ജീവനക്കാരും തങ്ങളുടെ ശമ്പള വർദ്ധനവിനെക്കുറിച്ച് പ്രതീക്ഷിക്കാറുണ്ട്. എന്നാൽ കേന്ദ്രം പ്രഖ്യാപിച്ച ഉടനെ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാകണമെന്നില്ല. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ എത്ര സമയമെടുക്കും എന്നതിനെക്കുറിച്ച് അറിഞ്ഞാലോ…
സംസ്ഥാനങ്ങൾ കേന്ദ്രത്തെ പിന്തുടരണമെന്നുണ്ടോ?
കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അതേപടി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ നിയമപരമായി ബാധ്യസ്ഥരല്ല. മിക്ക സംസ്ഥാനങ്ങളും സ്വന്തമായി ശമ്പള കമ്മീഷനുകളെ നിയോഗിക്കാറാണ് പതിവ്. ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക ഭദ്രതയും ബജറ്റും അനുസരിച്ചായിരിക്കും ശമ്പള വർദ്ധനവ് തീരുമാനിക്കുന്നത്.
എത്ര സമയം എടുക്കും?
കേന്ദ്രം നടപ്പിലാക്കി 6 മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ചില സംസ്ഥാനങ്ങൾ പുതിയ ശമ്പള പരിഷ്കരണം അംഗീകരിക്കാറുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളും 1 മുതൽ 3 വർഷം വരെ സമയമെടുക്കാറുണ്ട്. സ്വന്തം ശമ്പള കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി വരാനുള്ള കാലതാമസമാണിത്. ഏഴാം ശമ്പള കമ്മീഷന്റെ കാര്യത്തിൽ, ചില സംസ്ഥാനങ്ങൾ 2016-ൽ തന്നെ അത് നടപ്പിലാക്കിയപ്പോൾ മറ്റുചിലർ 2020 വരെ സമയമെടുത്തിരുന്നു.
ശമ്പള വർദ്ധനവ് തുല്യമായിരിക്കുമോ?
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അതേ വർദ്ധനവ് തന്നെ സംസ്ഥാന ജീവനക്കാർക്കും ലഭിക്കണമെന്നില്ല. ‘ഫിറ്റ്‌മെന്റ് ഫാക്ടർ’ ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കാം. ഉദാഹരണത്തിന്, ഏഴാം ശമ്പള കമ്മീഷനിൽ കേന്ദ്രത്തിന്റെ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നപ്പോൾ ഉത്തർപ്രദേശിലും ഇത് 2.57 ആയിരുന്നു. എന്നാൽ പഞ്ചാബിൽ ഇത് 2.59 ആയിരുന്നു.
കുടിശ്ശിക ലഭിക്കുമോ?
ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്ന തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക ലഭിക്കാറുണ്ട്. എന്നാൽ ഇത് ഓരോ സംസ്ഥാന സർക്കാരിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്ന തീയതി കേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, കുടിശ്ശികയുടെ കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല.