8th Pay Commission: അവസാന ശമ്പളത്തിന്റെ 67% പെൻഷൻ! എട്ടാം ശമ്പള കമ്മീഷൻ, തീരുമാനമെന്ത്?
8th Pay Commission Updates: ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ജീവനക്കാരുടെയും പെൻഷനർമാരുടെയും പ്രതിനിധികളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള കമ്മീഷനെ രൂപീകരിക്കുന്നത്. നിലവിൽ കമ്മീഷൻ കൂടിയാലോചനയിലാണ്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ജീവനക്കാരുടെയും പെൻഷനർമാരുടെയും പ്രതിനിധികളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തി വരികയാണ്.
ഇതിന്റെ ഭാഗമായി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ പെൻഷനർ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളാണ് ചർച്ചയാകുന്നത്.
പെൻഷൻകാരുടെ ആവശ്യമെന്ത്?
നിരവധി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ കമ്മീഷന് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നാഷണൽ കൗൺസിൽ – ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM), മഹാരാഷ്ട്ര ഓൾഡ് പെൻഷൻ ഓർഗനൈസേഷൻ, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF) എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. പെൻഷൻ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
പെൻഷൻകാരുടെ സംഘടനകൾ മിനിമം പെൻഷൻ വർദ്ധിപ്പിക്കുന്നതിനായി രണ്ട് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആദ്യ നിർദ്ദേശം, അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ (LPD) 67 ശതമാനമെങ്കിലും മിനിമം പെൻഷൻ വർദ്ധിപ്പിക്കുക എന്നതാണ്. രണ്ടാമത്തെ നിർദ്ദേശം, കഴിഞ്ഞ 10 മാസത്തെ ജോലിയിലെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കി മിനിമം പെൻഷൻ നിശ്ചയിക്കുക എന്നതാണ്.
ALSO READ: ജീവനക്കാർക്ക് ഇരട്ടി ശമ്പളമോ? ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ എത്ര കൂടും?
പ്രായത്തിനനുസരിച്ച് പെൻഷൻ
പ്രായത്തിനനുസരിച്ച് മുതിർന്ന പെൻഷൻകാർക്ക് പെൻഷൻ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 65 വയസ്സിൽ അവസാന ശമ്പളത്തിന്റെ 70%, 70 വയസ്സിൽ 75%, 75 വയസ്സിൽ 80%, 80 വയസ്സിൽ 85%, 85 വയസ്സിൽ 90%, 90 വയസ്സോ അതിൽ കൂടുതലോ പ്രായത്തിൽ പൂർണ്ണ 100% പെൻഷൻ എന്നിങ്ങനെയാണ് ആവശ്യം.
അതേസമയം, 2026 ജനുവരി 1-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തിൽ വ്യക്തത വേണമെന്നും, പുതിയ ശമ്പള കമ്മീഷന്റെ എല്ലാ ആനുകൂല്യങ്ങളും പഴയ പെൻഷൻകാർക്കും ഒരുപോലെ ബാധകമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. സായുധ സേനയ്ക്ക് നിലവിലുള്ളതുപോലെ സിവിൽ സർവീസ് പെൻഷൻകാർക്കും ‘വൺ റാങ്ക് വൺ പെൻഷൻ’ നടപ്പിലാക്കണമെന്നും സംഘടനകൾ നിർദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെ ശുപാർശകൾ 2027 മെയ്-ജൂൺ മാസത്തോടെ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് കേന്ദ്ര സർക്കാരിന്റെ അന്തിമ അംഗീകാരത്തിന് ശേഷമേ പുതിയ പെൻഷൻ നിരക്കുകൾ പ്രാബല്യത്തിൽ വരികയുള്ളൂ.
English Summary:
Pensioners’ organisations have placed several demands before the 8th Central Pay Commission, seeking better financial security for retired government employees. One of the key demands is to increase pension from the existing 50% to 67% of the last pay drawn.