Golden Visa: ഗോൾഡൻ വീസയ്ക്ക് വലിയ തുക മുടക്കേണ്ട; കുറഞ്ഞ ചിലവിൽ റെസിഡൻസി അനുവദിക്കുന്ന 9 രാജ്യങ്ങൾ
Most Affordable Goldan Visa: ഗോൾഡൻ വീസ ഏറ്റവും കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രാജ്യങ്ങളുണ്ട്. യുഎഇയുടെ ഗോൾഡൻ വീസ പരിഗണിക്കുമ്പോൾ വളരെ ചിലവ് കുറവ്.
ഗോൾഡൻ വീസ വിദേശരാജ്യങ്ങളിൽ താമസിക്കാനാഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ടതാണ്. യുഎഇ ഗോൾഡൻ വീസ നൽകുന്നുണ്ടെങ്കിലും അതിന് വലിയ തുക മുടക്കണം. എന്നാൽ, കുറഞ്ഞ ചിലവിൽ ഗോൾഡൻ വീസ അനുവദിക്കുന്ന ചില രാജ്യങ്ങളുണ്ട്. വലിയ നിക്ഷേപങ്ങൾ വേണ്ടാത്ത എളുപ്പത്തിൽ റസിഡൻസി ലഭിക്കുന്ന ചില രാജ്യങ്ങൾ.
ലാത്വിയ, മാൾട്ട, ഗ്രീസ്, ഹങ്കറി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം വനുവാടു, ഡൊമിനിക, ആൻ്റിഗ്വ ആൻഡ് ബാർബുഡ എന്നീ രാജ്യങ്ങളും ഗോൾഡൻ വീസ അനുവദിക്കുന്നുണ്ട്. ലാത്വിയ ആണ് ഏറ്റവും കുറഞ്ഞ ചിലവിൽ ഗോൾഡൻ വീസ അനുവദിക്കുന്നത്. 60,000 യൂറോ (ഏകദേശം 60 ലക്ഷം രൂപ) മുടക്കിയാൽ ലാത്വിയയിൽ അഞ്ച് വർഷത്തെ റെസിഡൻസ് പെർമിറ്റ് ലഭിക്കും. ഷെങ്കൻ മൊബിലിറ്റിയും ഈ പെർമിറ്റിലുണ്ട്. മാൾട്ടയിൽ ഇത് 1,82,000 യൂറോ (ഏകദേശം 1.8 കോടി രൂപ) ആണ്. ഇത് ആജീവനാന്ത ഗോൾഡൻ വീസയാണ്.
ഗ്രീസിൻ്റെ ഗോൾഡൻ വീസയ്ക്ക് 2,50,000 യൂറോ (ഏകദേശം രണ്ടര കോടി രൂപ). അഞ്ച് വർഷമാണ് കാലാവധി. വീസ ആവശ്യമില്ലാതെ ഷെങ്കൻ യാത്രകളും ചെയ്യാം. ഹങ്കറി ഗോൾഡൻ വീസയ്ക്കും ഇതേ തുകയാണ്. ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വീസ അനുവദിക്കും. ഇറ്റലിയിൽ പലതരത്തിലുള്ള ഇൻവെസ്റ്റർ വീസകളുണ്ട്. ഇവിടെ 2,50,000 യൂറോയുടെ സ്റ്റാർട്ടപ്പ് നിക്ഷേപത്തിന് ലഭിക്കുക 10 വർഷത്തെ പൗരത്വമാണ്.
വനുവാടുവിൻ്റെ പാസ്പോർട്ടിന് 1,30,000 (ഒരു കോടി 10 ലക്ഷം രൂപയ്ക്ക് മുകളിൽ) ഡോളറാണ് നൽകേണ്ടത്. 130ലധികം രാജ്യങ്ങളിലേക്കുള്ള വീസ ഫ്രീ ആക്സസ് ആണ് ഇതിന് ലഭിക്കുക. ഡൊമിനികയുടെ ഗോൾഡൻ വീസയ്ക്ക് 200000 ഡോളർ (ഒരു കോടി 70 ലക്ഷം രൂപയ്ക്ക് മുകളിൽ) നൽകണം.