Ayushman Bharat scheme: വീട്ടിൽ 70 വയസ്സിനു മുകളിലുള്ളവരുണ്ടോ? 10 ലക്ഷം രൂപ കിട്ടാൻ അവസരം
Ayushman Bharat scheme, Details: മാതാപിതാക്കൾ രണ്ടുപേരും 70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെങ്കിൽ അവർക്ക് പ്രത്യേക എൻറോൾമെന്റുകൾ ആവശ്യമില്ല. അധികമായി ലഭിക്കുന്ന 5 ലക്ഷം രൂപയുടെ പരിരക്ഷ 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതാണ്.
കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. അടുത്തിടെ 70 വയസ്സും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതി വിപുലീകരിച്ചിരുന്നു.
സാധാരണയായി, പദ്ധതി പ്രകാരം യോഗ്യതയുള്ള ഓരോ കുടുംബത്തിനും വാർഷിക ആരോഗ്യ പരിരക്ഷയായി 5 ലക്ഷം രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തുന്നതോടെ, 70 വയസ്സിനു മുകളിലുള്ള അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആകെ 10 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.
അധികമായി ലഭിക്കുന്ന 5 ലക്ഷം രൂപയുടെ പരിരക്ഷ 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളായ ഭർത്താവ്, ഭാര്യ, മക്കൾ എന്നിവർക്ക് നിലവിലുള്ള 5 ലക്ഷം രൂപയുടെ പരിധി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അവരുടെ ചികിത്സയ്ക്കായി ഈ 5 ലക്ഷം രൂപയുടെ പരിധി കഴിഞ്ഞാൽ, മുതിർന്ന പൗരന്മാർക്കായി മാറ്റിവെച്ച അധിക 5 ലക്ഷം രൂപ ഉപയോഗിക്കാൻ കഴിയില്ല.
വരുമാനമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ, ആധാർ കാർഡ് വഴി സ്ഥിരീകരിച്ച പ്രകാരം 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.
മാതാപിതാക്കൾ രണ്ടുപേരും 70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെങ്കിൽ അവർക്ക് പ്രത്യേക എൻറോൾമെന്റുകൾ ആവശ്യമില്ല. 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആദ്യത്തെ കുടുംബാംഗം എൻറോൾ ചെയ്തുകഴിഞ്ഞാൽ, ആയുഷ്മാൻ ഭാരത് എൻറോൾമെന്റ് പോർട്ടലിലെ “അംഗത്തെ ചേർക്കുക” എന്ന ഓപ്ഷൻ ഉപയോഗിച്ച് 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള മറ്റ് യോഗ്യരായ അംഗങ്ങളെ ചേർക്കാവുന്നതാണ്.