AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Account: 10 വര്‍ഷമായി ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്തിയില്ലേ? പണം DEAF ലേക്ക് ഉടന്‍ മാറ്റപ്പെടുമെന്ന് അറിയിപ്പ്

SBI Kottayam Lead Bank DEAF Notice: അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ വിവിധ ബാങ്കുകളും റിസര്‍വ് ബാങ്കും ചേര്‍ന്ന് സംഘടിപ്പിക്കുമെന്നും എസ്ബിഐ അറിയിച്ചു.

Bank Account: 10 വര്‍ഷമായി ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്തിയില്ലേ? പണം DEAF ലേക്ക് ഉടന്‍ മാറ്റപ്പെടുമെന്ന് അറിയിപ്പ്
എസ്ബിഐ അറിയിപ്പ്‌ Image Credit source: Social Media/PTI
shiji-mk
Shiji M K | Published: 29 Oct 2025 20:58 PM

പത്ത് വര്‍ഷമായി ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളിലുള്ള പണം ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (DEAF) എന്നതിലേക്ക് മാറ്റപ്പെടുമെന്ന് എസ്ബിഐ ലീഡ് ബാങ്ക് കോട്ടയം, വിവിധ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ വിവിധ ബാങ്കുകളും റിസര്‍വ് ബാങ്കും ചേര്‍ന്ന് സംഘടിപ്പിക്കുമെന്നും എസ്ബിഐ അറിയിച്ചു.

ബാങ്കിന്റെ അറിയിപ്പ് വിശദമായി പരിശോധിക്കാം

നിങ്ങളുടെ പേരിലോ, കുടുംബത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ നല്ലൊരു തുക ബാങ്കില്‍ നിക്ഷേപമായുണ്ടാകും. കോട്ടയം ജില്ലയില്‍ മാത്രം വിവിധ ബാങ്കുകളിലായി 138 കോടി രൂപയാണ് അവകാശികളില്ലാതെയുള്ളത്. ബാങ്ക് അക്കൗണ്ടില്‍ പത്ത് വര്‍ഷമായി ഇടപാടുകള്‍ നടന്നിട്ടില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന നിയമപ്രകാരം, ആ അക്കൗണ്ടിലുള്ള തുക ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റപ്പെടും.

കോട്ടയം ജില്ലയില്‍ താമസിക്കുന്നവര്‍ക്കായി ഡിഎഫ്എസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആര്‍ബിഐയും എസ്ബിഐ ലീഡ് ബാങ്കും, ജില്ലയിലെ എല്ലാ ബാങ്കുകളും ചേര്‍ന്ന് സംയുക്തമായി പ്രത്യേക ക്യാമ്പ് 2025 നവംബര്‍ 3ന് രാവിലെ 10 മണി മുതല്‍ കോട്ടയം ശാസ്ത്രി റോഡില്‍ ഉള്ള സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തുന്നു.

ക്യാമ്പില്‍ വരുന്നയാളുകള്‍ക്ക് തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പേരില്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകള്‍ കോട്ടയം ജില്ലയിലെ ഏതെങ്കിലും ബാങ്കിലുണ്ടോ എന്ന കാര്യം പരിശോധിക്കാനാകും. അങ്ങനെയുണ്ടെങ്കില്‍ ആവശ്യമായ രേഖകളുമായി അതാത് ശാഖകളില്‍ എത്തിയാല്‍ പണം തിരികെ ലഭിക്കുമെന്നും എസ്ബിഐ ലീഡ് ബാങ്കും റിസര്‍വ് ബാങ്കും സംയുക്തമായി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Also Read: EPF Salary: ജീവനക്കാരേ സന്തോഷിച്ചോളൂ, ഇപിഎഫ്ഒയിൽ വൻ മാറ്റങ്ങൾ; ശമ്പള പരിധി ഇനി 15,000 അല്ല!

എന്താണ് ഡെഫ്?

അവകാശികളില്ലാത്ത പണം സൂക്ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രുപീകരിച്ച അക്കൗണ്ടാണ് ഡെഫ്. പത്ത് വര്‍ഷത്തോളം ആരും അവകാശപ്പെടാത്ത പണമാണ് ഈ അക്കൗണ്ടിലേക്ക് എത്തുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം ഉപഭോക്താക്കള്‍ക്ക് അവകാശപ്പെട്ട തുക സംരക്ഷിക്കുകയും അത് തിരിച്ചുപിടിക്കാന്‍ അവസരം നല്‍കുകയുമാണ്.