Bank Holiday: ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും, അവധി ഈ ദിവസങ്ങളിൽ
Banks to Remain Open on Sunday: പണിമുടക്ക് സമയത്തും എ.ടി.എമ്മുകൾ, യു.പി.ഐ, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. എങ്കിലും ബാങ്ക് ശാഖകൾ വഴി നടത്തേണ്ട പ്രധാന ഇടപാടുകൾ സെപ്റ്റംബർ 27-ന് തന്നെ പൂർത്തിയാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് മുന്നോടിയായി സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. പൊതുജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ തടസ്സപ്പെടാതിരിക്കാൻ ധനമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിന് പ്രത്യേക അനുമതി നൽകിയത്.
തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
എല്ലാ പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ തുടങ്ങിയവ സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 26 (നാലാം ശനിയാഴ്ച), സെപ്റ്റംബർ 27 (ഞായർ) എന്നീ ദിവസങ്ങളിലെ അവധിക്ക് തൊട്ടുപിന്നാലെ പണിമുടക്ക് കൂടി വരുന്നതിനാൽ തുടർച്ചയായി 5 ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പണിമുടക്ക് സമയത്തും എ.ടി.എമ്മുകൾ, യു.പി.ഐ, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. എങ്കിലും ബാങ്ക് ശാഖകൾ വഴി നടത്തേണ്ട പ്രധാന ഇടപാടുകൾ സെപ്റ്റംബർ 27-ന് തന്നെ പൂർത്തിയാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: സെപ്റ്റംബര്‍ 28 മുതല്‍ ബാങ്ക് പണിമുടക്ക്; അഞ്ച് ദിവസം പണമിടപാട് നടക്കില്ല, ശ്രദ്ധിക്കാം
ബാങ്ക് പണിമുടക്ക്
ബാങ്ക് ജീവനക്കാരുടെ സംഘടനകൾ സെപ്റ്റംബർ 28 മുതൽ 30 വരെ (തിങ്കൾ മുതൽ ബുധൻ വരെ) മൂന്ന് ദിവസത്തെ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു.
അഞ്ച് ദിവസത്തെ ബാങ്കിങ് പ്രവൃത്തി ദിനങ്ങള്‍ നടപ്പാക്കണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. 2024 മാര്‍ച്ചില്‍ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. തുടർന്നാണ് പണിമുടക്ക് നടത്തിയത്.
കൂടാതെ, പെന്‍ഷന്‍ ആനുകൂല്യങ്ങളിലെ പരിഷ്‌കരണം, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത കണക്കാക്കുന്നതില്‍ ഏകീകൃത രീതി, ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
English Summary:
Public sector banks and Regional Rural Banks will remain open and operate normally on Sunday, September 27, 2026, ahead of a proposed three-day nationwide bank strike from September 28 to 30.