AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Byju’s Story: കോടികളിൽ നിന്ന് പൂജ്യത്തിലേക്ക്, ഇരുട്ടടി നൽകി ആകാശും; ബൈജൂസിന് എന്താണ് സംഭവിച്ചത്?

Byju's rise and fall: കൊറോണ കാലത്ത് മികച്ച വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ വരെയായ ബൈജൂസിന് ഇപ്പോൾ നല്ലകാലമല്ല. 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ആഗോള സ്ഥാപനം ഇന്ന് നിയമനടപടികൾ, പാപ്പരത്വ കേസുകൾ തുടങ്ങിയവയിൽ കുടുങ്ങിക്കിടക്കുകയാണ്. 

Byju’s Story: കോടികളിൽ നിന്ന് പൂജ്യത്തിലേക്ക്, ഇരുട്ടടി നൽകി ആകാശും; ബൈജൂസിന് എന്താണ് സംഭവിച്ചത്?
ബൈജു രവീന്ദ്രൻImage Credit source: Pavlo Gonchar/SOPA Images/LightRocket via Getty Images
nithya
Nithya Vinu | Published: 29 Nov 2025 14:20 PM

ഇന്ത്യൻ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മുഖമായി കണക്കാക്കിയിരുന്ന എഡ്‌ടെക് ഭീമനായ ബൈജൂസ് , അതിന്റെ വളർച്ചയുടെ കൊടുമുടിയിൽനിന്ന് പ്രതിസന്ധിയുടെ കയത്തിലേക്ക് വീണത് അതിവേഗമാണ്. ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമാകുന്നതിന് മുമ്പ് തന്നെ ഇതിൻെറ സാധ്യതകൾ തിരിച്ചറിഞ്ഞത് ബൈജൂസിന് നേട്ടമായി. ലോകത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു.

കൊറോണ കാലത്ത് മികച്ച വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ വരെയായ ബൈജൂസിന് ഇപ്പോൾ നല്ലകാലമല്ല. 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ആഗോള സ്ഥാപനം ഇന്ന് നിയമനടപടികൾ, പാപ്പരത്വ കേസുകൾ തുടങ്ങിയവയിൽ കുടുങ്ങിക്കിടക്കുകയാണ്.

 

ബൈജൂസിന്റെ തകർച്ചയ്ക്ക് പിന്നിൽ

 

2011-ൽ സ്ഥാപിതമായ ബൈജൂസിന്റെ വളർച്ച അതിവേ​ഗമായിരുന്നു. കൊറോണ കാരണം സ്കൂളുകൾ അടച്ചതോടെ വിദ്യാർത്ഥികൾ ഓൺലൈനിലേക്ക് തിരിഞ്ഞത് ബൈജൂസിന് വലിയ സാധ്യത നൽകി. തുടർന്ന് ആകാശ് (Aakash), ഗ്രേറ്റ് ലേണിംഗ് (Great Learning), എപ്പിക് (Epic) തുടങ്ങിയ സ്ഥാപനങ്ങളെ 3 ബില്യൺ ഡോളറിനടുത്ത് മുടക്കി ഏറ്റെടുത്തതിലൂടെ ബൈജൂസ് ആഗോള എഡ്‌ടെക് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.

എന്നാൽ അതിവേഗത്തിലുള്ള വളർച്ച നിലനിർത്താൻ, വൻതോതിലുള്ള ചെലവുകളെയും, കടപ്പത്രങ്ങളെയും ആശ്രയിച്ചത് കമ്പനിയുടെ തകർച്ചയ്ക്ക് കാരണമായി. കോവിഡ് മഹാമാരിക്ക് ശേഷം ഡിമാൻഡ് കുറഞ്ഞതോടെ പ്രവർത്തനച്ചെലവ് ഉയർന്നു. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഏകീകൃത നഷ്ടം ഏകദേശം 8,245 കോടി രൂപയായി.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ വിദേശ രാജ്യങ്ങളിൽ കേസുകൾ എത്തിയതോടെ കമ്പനിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കമ്പനി സമയത്തിന് ഓഡിറ്റ് ചെയ്ത ഫലങ്ങൾ സമർപ്പിക്കാൻ വൈകിയതും തിരിച്ചടിയായി. കമ്പനിയുടെ ഫിനാൻഷ്യൽ ഓഡിറ്ററായ ഡിലോയിറ്റും 2023ൽ പടിയിറങ്ങി.  സ്പോൺസർഷിപ്പ് കുടിശ്ശികയായ 159 കോടി രൂപ നൽകാൻ കഴിയാതെ വന്നതോടെ ബി.സി.സി.ഐ., ബൈജൂസിന്റെ മാതൃസ്ഥാപനമായ ‘തിങ്ക് & ലേണി’നെതിരെ പാപ്പരത്വ നടപടികൾക്ക് ഹർജി നൽകി.

ഇപ്പോഴിതാ, ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് അവകാശ ഓഹരി അനുവദിക്കുന്നത് ആകാശ് എജ്യുക്കേഷനൽ സർവീസസ് ലിമിറ്റഡ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 100 കോടിയുടെ അവകാശ ഓഹരി വിതരണമാണ് ആകാശ് പ്രഖ്യാപിച്ചിരുന്നത്.

ഇതിലേക്കായി തിങ്ക് ആൻഡ് ലേൺ നിക്ഷേപിച്ച 25 കോടി രൂപയുടെ സ്രോതസ്സ് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് ആകാശിന്റെ നടപടി. പ്രതിസന്ധിയിലായ ബൈജൂസിന് റൈറ്റ്സ് ഇഷ്യുവിൽ പങ്കെടുക്കാനായി പണം ലഭിച്ചത് എവിടെ നിന്നാണെന്ന സംശയമാണ് ഉന്നയിക്കപ്പെടുന്നത്.