Kerala lottery tax: ലോട്ടറി ഫാൻസിനും വിൽപനക്കാർക്കും ഇരുട്ടടി, നികുതി 40 ശതമാനത്തിലേക്ക് ഉയർത്തുന്നു…
Central Government's New Decision on Lottery Tax: ലോട്ടറി ടിക്കറ്റിന്റെ 28 ശതമാനമാണ് ജി എസ് ടി. ഇത് 40% ആയി ഉയർത്തുമ്പോൾ ടിക്കറ്റ് വിലയിലും കാര്യമായ വർദ്ധനവ് ഉണ്ടാകും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ചെറുകിട ലോട്ടറി വില്പനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ സാരമായി ബാധിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വില്പനക്കാരെയും ലോട്ടറി ഫാൻസിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നികുതി വിഹിതവും കടമെടുപ്പും കുറച്ച് സംസ്ഥാനത്തെ ബുദ്ധിമുട്ടിച്ചതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കത്തി വയ്ക്കുകയാണ് കേന്ദ്രം. പുതിയ തീരുമാനം അനുസരിച്ച് ലോട്ടറി ടിക്കറ്റിന്റെ വില ഇനിയും ഉയരും.
ജിഎസ്ടി വന്നപ്പോൾ 12% ആയിരുന്ന ലോട്ടറി നികുതി 2020 -ൽ 28% ആക്കുകയും ഇപ്പോഴത് 40% ആക്കാനുള്ള നീക്കത്തിലും ആണ്. പുതിയ പരിഷ്കാരത്തിൽ ലോട്ടറി 5% നികുതി വിഭാഗത്തിൽ പെടുത്തണമെന്ന് ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കേരളം. നിലവിലെ രൂക്ഷമായ വില കയറ്റത്തെ കണക്കിലെടുത്ത് പലതിന്റെയും ജിഎസ്ടി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചില വിഭാഗങ്ങൾക്ക് ജി എസ് ടി കൂട്ടാൻ നീക്കം ഉണ്ടായത്.
ഇതിന്റെ ഭാഗമായാണ് ലോട്ടറിയുടെ നികുതിയിലും വർദ്ധന ഉണ്ടാക്കാൻ ഉള്ള ഇപ്പോഴത്തെ നീക്കം. നിലവിൽ ലോട്ടറി ടിക്കറ്റിന്റെ 28 ശതമാനമാണ് ജി എസ് ടി. ഇത് 40% ആയി ഉയർത്തുമ്പോൾ ടിക്കറ്റ് വിലയിലും കാര്യമായ വർദ്ധനവ് ഉണ്ടാകും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ചെറുകിട ലോട്ടറി വില്പനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ സാരമായി ബാധിക്കും.
എന്തുകൊണ്ട് ലോട്ടറി
കേരള ലോട്ടറിയെ ഓൺലൈൻ ഗെയിം അല്ലെങ്കിൽ ചൂതാട്ടം തുടങ്ങിയവ ഉൾപ്പെടുന്ന വിഭാഗത്തിലാണ് കേന്ദ്രസർക്കാർ കൂട്ടിയിട്ടുള്ളത്. ഇതിനെതിരെ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. നിലവിലെ കണക്കു പരിശോധിച്ച് പ്രതിവർഷം 14000 കോടി രൂപയ്ക്കാണ് ലോട്ടറി വില്പന നടക്കുന്നത്. ഇതിന്റെ നികുതി ഇനത്തിൽ 3000 കോടിയോളം ലഭിക്കുന്നുണ്ട്.
ലാഭം 450 കോടിയും. ചികിത്സ ധനസഹായം മരണാനന്തര കുടുംബസഹായം വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ നിരവധി ആനുകൂല്യ വിതരണവും ഇതുവഴി നടക്കുന്നുണ്ട്. ലോട്ടറി കച്ചവടം പ്രതിസന്ധിയിലായാൽ ഇതെല്ലാം നിലക്കും എന്നത് പ്രത്യേകം ഓർക്കണം.