Coconut Oil Price: ഓണം പടിവാതിൽക്കൽ, വെളിച്ചെണ്ണ വില ഉയരുന്നു; സന്തോഷിച്ചതെല്ലാം വെറുതെയായോ?
Coconut Oil Price Hike: ഓണക്കാലത്ത് തേങ്ങയുടെ ആവശ്യം വർധിച്ചതും വടക്കേ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതുമാണ് ഇതിന് കാരണം.

Coconut Oil
തിരുവോണ നാളിന് ഇനി മൂന്ന് ദിവസം മാത്രം. ഓണം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ വെളിച്ചെണ്ണ വിലയോർത്തായിരുന്നു മലയാളികൾക്ക് ആശങ്ക. എന്നാൽ ഓണക്കാലത്ത് പ്രവചനങ്ങൾക്ക് വിപരീതമായി വെളിച്ചെണ്ണ വില കുറഞ്ഞത് വലിയൊരു ആശങ്ക ഒഴിവാക്കി.
എന്നാൽ നിലവിലെ സാഹചര്യം, സന്തോഷിച്ചതെല്ലാം വെറുതെയായോ എന്ന സംശയത്തിന് കാരണമായിട്ടുണ്ട്. ചെറുകിട മില്ലുകളിൽ വെളിച്ചെണ്ണ വില വർധിക്കുന്നതാണ് ഇതിന് കാരണം. ലിറ്ററിന് 450 രൂപയാണ് ശരാശരി വില. 400 – 420 രൂപയിൽ നിന്നാണ് ഇപ്പോഴത്തെ വർധനവ്.
ALSO READ: വെളിച്ചെണ്ണ വില കുറച്ച് നൽകി, ഓണവിപണിയിൽ റെക്കോർഡ് വരുമാനവുമായി സപ്ലൈകോ
സപ്ലൈകോയിൽ ശബരി വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 339 രൂപയ്ക്കും സബ്സിഡി ഇല്ലാതെ 389 രൂപയ്ക്കും ലഭിക്കും. കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ് സപ്ലൈകോയിലെ വില. ഇത്തരത്തിൽ സപ്ലൈകോയിൽ വെളിച്ചെണ്ണ വില കുറവിൽ നൽകുന്നത് മറ്റ് ബ്രാൻഡുകളെ വില കൂട്ടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഇത് ആശ്വാസകരമാണ്.
അതേസമയം തേങ്ങ വിലയും ചിലയിടങ്ങളിൽ 80 രൂപയായി ഉയർന്നിട്ടുണ്ട്. ഓണക്കാലത്ത് തേങ്ങയുടെ ആവശ്യം വർധിച്ചതും വടക്കേ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതുമാണ് ഇതിന് കാരണം. തേങ്ങ വില ഉയർന്നതോടെ കൊപ്ര വിലയും ഉയർന്നു. കോഴിക്കോട് മാർക്കറ്റിൽ കിലോഗ്രാമിന് 230 രൂപയായും കൊച്ചി മാർക്കറ്റിൽ 221 രൂപയായും കൂടിയതായാണ് വിവരം.