Coconut Oil Price: വെളിച്ചെണ്ണ വില ഉയർന്നേക്കും, കാരണമിത്….
Coconut Oil Price: തേങ്ങ വില കൂടുന്നത് വെളിച്ചെണ്ണ വിലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ മാസം 90 രൂപയിൽ എത്തിയശേഷം തേങ്ങവില താഴ്ന്നിരുന്നു.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില വീണ്ടും ഉയർന്നേക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 260-270 രൂപയായിരുന്നിടത്ത്, ഇന്ന് ലിറ്ററിന് 390 – 420 രൂപ വരെയാണ് വിപണി വില. നവരാത്രി, ദീപാവലി ആഘോഷങ്ങൾക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര കാര്യമായി സംഭരിച്ച് കൊണ്ടുപോകാൻ തുടങ്ങിയതാണ് വില ഉയരുന്നതിന്റെ പ്രധാന കാരണം.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നാളികേരോൽപന്നങ്ങളുടെ വില ഇടിഞ്ഞിരുന്നു. വെളിച്ചെണ്ണ വില തുടർച്ചയായ രണ്ടാം ദിവസവും ക്വിൻറ്റലിന് 100 രൂപ താഴ്ന്നു. കമ്മോഡിറ്റി ഓൺലൈൻ പ്രകാരം, സെപ്റ്റംബർ 27ന് കണ്ണൂർ മാർക്കറ്റിൽ ക്വിറ്റലിന് 36600 – 41000 രൂപയും കാസർഗോഡ് 41800-42400 രൂപയുമായിരുന്നു വില. പത്തനംതിട്ട 40000 രൂപയും തലശ്ശേരി മാർക്കറ്റിൽ 39000 രൂപയുമായിരുന്നു ക്വിറ്റലിന് വില.
ALSO READ: വെളിച്ചെണ്ണ വില വീണ്ടും തകര്‍ന്നടിഞ്ഞു; ഇപ്പോള്‍ ഇരട്ടിലാഭത്തില്‍ വാങ്ങാം
തേങ്ങ വില കൂടുന്നത് വെളിച്ചെണ്ണ വിലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ മാസം 90 രൂപയിൽ എത്തിയശേഷം തേങ്ങവില താഴ്ന്നിരുന്നു. ഓണക്കാലത്ത് 75-80 രൂപയായിരുന്നു വില. ഇപ്പോൾ മൊത്തവില 70 രൂപയും ചില്ലറ വിൽപ്പന 85-87 രൂപയുമാണ്.
അതേസമയം, തേങ്ങവില ഉയരുന്നത് നാളികേര കർഷകർക്ക് ആശ്വാസമാണ്. പൊതിക്കാത്ത തേങ്ങ 30-35 രൂപയ്ക്കും പൊതിച്ച തേങ്ങാ കിലോയ്ക്ക് 60 രൂപയ്ക്കും വിൽക്കാൻ കഴിയുന്നുണ്ട്. എന്നാൽ മലയോര മേഖലയിലെ കേര കർഷകർ കഷ്ടത്തിലാണെന്നാണ് വിവരം. കുരങ്ങ്, മലയണ്ണാൻ ശല്യം രൂക്ഷമായതോടെ കരിക്ക് പരുവത്തിലുള്ള തേങ്ങ പോലും കിട്ടാത്ത അവസ്ഥയാണ്. എഴുപതും നൂറും തെങ്ങുകളുള്ള കർഷകർക്ക് വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.