AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO: പിഎഫ് തോന്നിയ പോലെ പിന്‍വലിക്കല്ലേ, പണി കിട്ടും! തുക എടുക്കുന്നതിന് മുമ്പ് ഇവ അറിഞ്ഞിരിക്കാം

PF Withdrawal: കൃത്യമായ ആവശ്യങ്ങൾക്കല്ലാതെ പിഎഫ് തുക പിൻവലിച്ചാൽ പിഴ അടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകി ഇപിഎഫ്ഒ. ദുരുപയോഗം ചെയ്താൽ, ഇപിഎഫ്ഒയ്ക്ക് പിഴയോടെ തുക തിരിച്ചുപിടിക്കാന്‍ അധികാരമുണ്ട്.

EPFO: പിഎഫ് തോന്നിയ പോലെ പിന്‍വലിക്കല്ലേ, പണി കിട്ടും! തുക എടുക്കുന്നതിന് മുമ്പ് ഇവ അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രംImage Credit source: social media/getty images
nithya
Nithya Vinu | Updated On: 28 Sep 2025 18:28 PM

പിഎഫ് തുക ദുരുപയോ​ഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). കൃത്യമായ ആവശ്യങ്ങൾക്കല്ലാതെ പിഎഫ് തുക പിൻവലിച്ചാൽ പിഴ അടയ്ക്കേണ്ടി വരും. ഇപിഎഫ്ഒ 3.0 എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുറത്തിറങ്ങാനിരിക്കെയാണ് മുന്നറിയിപ്പ്.

എന്താണ് ‘പ്രിമെച്വർ വിത്ത്ഡ്രോവൽ’?

ഒരംഗത്തിന്റെ വിരമിക്കലിന് മുൻപ്, മുഴുവനായോ ഭാഗികമായോ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നതിനെയാണ് പ്രിമെച്വർ വിത്ത്ഡ്രോവൽ (Premature Withdrawal) എന്ന് പറയുന്നത്.

ഇപിഎഫ് സ്കീം, 1952-ൽ അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ ഈ തുക പിൻവലിക്കുന്നത് നിയമലംഘനമായി കണക്കാക്കും. നിയമലംഘനം നടന്നാൽ, ദുരുപയോഗം ചെയ്ത തുക പലിശ സഹിതം തിരികെ പിടിക്കാൻ ഇപിഎഫ്ഒക്ക് അധികാരമുണ്ട്.

ALSO READ: പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ എടുക്കാമോ? അധികമാർക്കും അറിയാത്ത ചില വസ്തുതകൾ ഇതാ…

പിഎഫ് പിന്‍വലിക്കാനുള്ള മാനദണ്ഡങ്ങള്‍

റിട്ടയർമെന്റ് (വിരമിക്കൽ): അംഗം വിരമിക്കുമ്പോൾ പിഎഫ് തുക പിൻവലിക്കാവുന്നതാണ്.

തൊഴിലില്ലായ്മ: 2 മാസത്തിലധികം തൊഴിലില്ലാതെ തുടരുകയാണെങ്കിൽ, ഈ സാഹചര്യത്തിൽ പൂർണ്ണമായും പിൻവലിക്കാം.

പ്രത്യേക ആവശ്യങ്ങൾ (Partial Withdrawal):വീട് വാങ്ങൽ, നിർമ്മാണം, അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ, ചികിത്സാ ആവശ്യങ്ങള്‍, സ്വന്തം അല്ലെങ്കില്‍ മക്കളുടെ വിവാഹം, മക്കളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ഭാഗികമായി തുക പിൻവലിക്കാം.

ദുരുപയോഗം ചെയ്താൽ

ഒരംഗം തെറ്റായ ആവശ്യങ്ങൾക്ക് ഫണ്ട് ദുരുപയോഗം ചെയ്താൽ, ഇപിഎഫ്ഒയ്ക്ക് പിഴയോടെ തുക തിരിച്ചുപിടിക്കാന്‍ അധികാരമുണ്ട്. ദുരുപയോഗം തെളിഞ്ഞാല്‍, 1952-ലെ ഇപിഎഫ് പദ്ധതിയുടെ 68ബി(11) ചട്ടമനുസരിച്ച് പിഴ ചുമത്തും. തുക പൂര്‍ണമായി തിരിച്ചടയ്ക്കുന്നതുവരെയോ മൂന്ന് വര്‍ഷത്തേക്കോ പിഎഫ് പിന്‍വലിക്കാന്‍ സാധിക്കില്ല.