Coconut Oil: വെളിച്ചെണ്ണ ഗുണം ചെയ്തു, സപ്ലൈകോയിൽ റെക്കോർഡ് വരുമാനം
Supplyco Coconut Oil Onam Sale: 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ഓഗസ്റ്റ് 25 മുതൽ 429 രൂപയ്ക്ക ലഭ്യമാക്കി. മൊത്തവിലയ്ക്ക് ഇവർ സപ്ലൈകോയ്ക് വെളിച്ചെണ്ണ കൊടുത്തു.
ഓണക്കാലത്ത് റെക്കോർഡ് വരുമാനവുമായി സപ്ലൈകോ. വെളിച്ചെണ്ണ സപ്ലൈകോയ്ക്ക് നേടി കൊടുത്തത് കോടികളുടെ ലാഭം. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാലുവരെ 22 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് വിറ്റത്. ഇതുവഴി ആകെ 74 കോടി രൂപയുടെ വരുമാനമാണ് സപ്ലൈകോ നേടിയത്.
ഓണക്കാലത്ത് വെളിച്ചെണ്ണ തലവേദനയാകുമെന്ന് കരുതിയെങ്കിലും വില നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ഏകദേശം രണ്ട് മാസം കൊണ്ട് 500 രൂപ വരെയാണ് വെളിച്ചെണ്ണ വില ഉയർന്നത്. കൊപ്ര വില ഉയർന്നതും നാളികേരത്തിന്റെ ലഭ്യത കുറവും തിരിച്ചടിയായി. കിലോഗ്രാമിന് 280 -290 രൂപ വരെയായിരുന്നു കൊപ്രവില. ചൈന വൻതോതിൽ കൊപ്ര വാങ്ങിക്കൂട്ടിയത് ആഗോളതലത്തിൽ എണ്ണവില കൂടാൻ കാരണമായി.
എന്നാൽ കൊപ്ര വില ഇടിഞ്ഞത് വെളിച്ചെണ്ണ വിലയിലും പ്രതിഫലിച്ചു. സപ്ലൈകോ വഴി കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ നൽകി തുടങ്ങി. 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ഓഗസ്റ്റ് 25 മുതൽ 429 രൂപയ്ക്ക ലഭ്യമാക്കി. മൊത്തവിലയ്ക്ക് ഇവർ സപ്ലൈകോയ്ക് വെളിച്ചെണ്ണ കൊടുത്തു. ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 349 രൂപയായിരുന്നത് 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽനിന്ന് 389 രൂപയായും കുറച്ചിരുന്നു.
ഇതോടെ സപ്ലൈകോയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റബർ നാല് വരെ 386.19 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനവുമാണിത്. കഴിഞ്ഞ ഓണത്തിന് 163 കോടി രൂപയാണ് സപ്ലൈകോ നേടിയത്.