EMI: ഇഎംഐ എടുത്തിട്ടുണ്ടോ? ആഴ്ചയിലോ, മാസത്തിലോ, തിരിച്ചടയ്ക്കാൻ മികച്ച രീതി ഇത്…
EMI repayment: ആഴ്ചതോറുമോ, മൂന്ന് മാസം കൂടുമ്പോഴോ തവണകൾ അടയ്ക്കുന്നതിലൂടെ പണം ലാഭിക്കാൻ സാധിക്കുമോ എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ഇഎംഐ അടയ്ക്കുന്നതിൻ്റെ ഇടവേള നൽകുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ..
വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഇഎംഎ നാം എടുക്കാറുണ്ട്. സാധാരണയായി പ്രതിമാസ തവണകളാണ് ബാങ്കുകൾ നൽകുന്നത്. എന്നാൽ, ആഴ്ചതോറുമോ, മൂന്ന് മാസം കൂടുമ്പോഴോ തവണകൾ അടയ്ക്കുന്നതിലൂടെ പണം ലാഭിക്കാൻ സാധിക്കുമോ എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ഇഎംഐ അടയ്ക്കുന്നതിൻ്റെ ഇടവേള നൽകുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ..
ആഴ്ചകളിൽ
ഇഎംഐ ആഴ്ചയിലോ രണ്ടാഴ്ചയിലൊരിക്കലോ അടയ്ക്കുന്നതാണ് ഏറ്റവും കൂടുതൽ പലിശ ലാഭിക്കാൻ സഹായിക്കുന്നുണ്ട്. ഭവന വായ്പകളുടെ പലിശ കണക്കാക്കുന്നത് പ്രതിദിന അടിസ്ഥാനത്തിലാണ്. ആഴ്ചകളിൽ തിരിച്ചടവ് നടത്തുന്നത് നിങ്ങളുടെ വായ്പാ തുക വേഗത്തിൽ കുറയ്ക്കുന്നു. ഇത് മൊത്തത്തിൽ അടയ്‌ക്കേണ്ട പലിശ വലിയ തോതിൽ കുറയ്ക്കും. അതേസമയം, ആഴ്ചതോറുമുള്ള അടവുകൾ മാസാവസാനം ഒരുമിച്ച് അടയ്ക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ട്.
പ്രതിമാസ തവണ
മിക്ക ആളുകളും പ്രതിമാസ തവണകളായാണ് ഇഎംഐ അടയ്ക്കുന്നത്. ശമ്പളം മാസത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്നവർക്ക് ഈ രീതി സൗകര്യപ്രദമാണ്. പ്രതിമാസം അടയ്‌ക്കേണ്ട തുക കൃത്യമായി അറിയുന്നത് മറ്റ് ചെലവുകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും സഹായിക്കും. എന്നാൽ ഈ രീതിക്ക് ചില ദോഷങ്ങളുണ്ട്. ഇടയ്ക്കിടെ അടയ്ക്കുന്ന രീതിയെ അപേക്ഷിച്ച് മൊത്തം പലിശയിനത്തിൽ കൂടുതൽ തുക നൽകേണ്ടി വരും. ലോൺ അടച്ചു തീർക്കാൻ കൂടുതൽ സമയവും എടുക്കും.
ത്രൈമാസ തവണ
ബിസിനസ് ലോണുകൾ പോലുള്ളവയ്ക്ക് മൂന്ന് മാസം കൂടുമ്പോൾ ഇഎംഐ അടയ്ക്കുന്നത് ബാങ്കുകൾ അനുവദിക്കാറുണ്ട്. കമ്മീഷൻ അടിസ്ഥാനമാക്കിയോ അല്ലെങ്കിൽ സീസണൽ ആയോ വരുമാനം ലഭിക്കുന്ന ബിസിനസുകാർക്ക് ഇത് വളരെ പ്രയോജനകരമാണ്. അടയ്ക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനാൽ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി പണം ഉപയോഗിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നു.
എന്നാൽ വായ്പയുടെ തിരിച്ചടവ് ഇടവേള കൂടുന്നത് കൂടുതൽ പലിശ അടയ്‌ക്കുന്നതിലേക്ക് നയിക്കുന്നു. മൂന്ന് മാസത്തെ തുക ഒരുമിച്ച് അടയ്‌ക്കേണ്ടി വരുമ്പോൾ, ഓരോ തവണയും അടയ്‌ക്കേണ്ട തുകയും വളരെ വലുതായിരിക്കും.