EPF Salary: ജീവനക്കാരേ സന്തോഷിച്ചോളൂ, ഇപിഎഫ്ഒയിൽ വൻ മാറ്റങ്ങൾ; ശമ്പള പരിധി ഇനി 15,000 അല്ല!
EPFO Salary Limit Hike: 15,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പെൻഷൻ സ്കീം എന്നിവയിൽ സംഭാവന ചെയ്യേണ്ടത് നിർബന്ധമാണ്. എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരനും കമ്പനിയും സംഭാവന നൽകുന്നത്.
ഒരു കോടിയിലധിം വരുന്ന ജീവനക്കാർക്ക് സന്തോഷവാർത്തയുമായി ഇപിഎഫ്ഒ. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ടിൻ്റെ മിനിമം ശമ്പള പരിധിയിൽ വർധനവ് വരുത്താൻ ആലോചിക്കുന്നതായി വിവരം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയിലേക്കുള്ള സംഭാവനകൾക്കുള്ള ശമ്പള പരിധി വരും മാസങ്ങളിൽ പ്രതിമാസം 25,000 രൂപയായി ഉയർത്തിയേക്കും.
ഡിസംബറിലോ ജനുവരിയിലോ നടക്കുന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിൽ ഈ നിർദ്ദേശത്തിന് അന്തിമരൂപം നൽകുമെന്നാണ് പ്രതീക്ഷ. ഇത് നടപ്പിലായാൽ, ജീവനക്കാർക്ക് പ്രയോജനം എന്താണ്? അറിയാം…
ജീവനക്കാർക്ക് ഗുണകരമാകുന്നത് എങ്ങനെ?
നിലവിൽ 15,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പെൻഷൻ സ്കീം എന്നിവയിൽ സംഭാവന ചെയ്യേണ്ടത് നിർബന്ധമാണ്. എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരനും കമ്പനിയും സംഭാവന നൽകുന്നത്.
നിലവിൽ, 15,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവരുടെ പി.എഫ്. വിഹിതം 15,000 രൂപ അടിസ്ഥാനമാക്കി മാത്രമാണ് കണക്കാക്കുന്നത്. പരിധി 25,000 ആകുമ്പോൾ, 15,001-നും 25,000-നും ഇടയിൽ അടിസ്ഥാന ശമ്പളമുള്ളവർക്ക് 12% വിഹിതം പി.എഫ്. അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. ഇത്തരത്തിൽ ജീവനക്കാരനും, തൊഴിലുടമയും കൂടുതൽ തുക അടയ്ക്കുന്നതിനാൽ, വിരമിക്കുമ്പോൾ ലഭിക്കുന്ന പി.എഫ്. തുക വളരെ വലുതായിരിക്കും. പി.എഫ്. നിക്ഷേപങ്ങൾക്ക് നികുതിയിളവുകൾ ലഭിക്കുന്നതിനാൽ മികച്ച ദീർഘകാല സമ്പാദ്യ മാർഗവുമാണിത്.
കൂടാതെ എംപ്ലോയീസ് പെൻഷൻ സ്കീം വഴിയുള്ള പെൻഷൻ തുക കണക്കാക്കുന്നത് ഈ ശമ്പള പരിധിയെ ആശ്രയിച്ചാണ്. ശമ്പള പരിധി ഉയരുമ്പോൾ, പെൻഷൻ കണക്കാക്കാനുള്ള അടിസ്ഥാന ശമ്പളവും വർദ്ധിക്കും. ഇത് വിരമിക്കുമ്പോൾ ജീവനക്കാർക്ക് കൂടുതൽ പ്രതിമാസ പെൻഷൻ ലഭിക്കാൻ കാരണമാകും.