Supplyco: ക്രിസ്മസിന് സാധനങ്ങൾക്ക് വില കൂടില്ല, സപ്ലൈകോയ്‌ക്ക് 50 കോടി രൂപ കൂടി
Finance Department allocates Rs 50 crore to Supplyco: കഴിഞ്ഞവർഷത്തെ ബജറ്റിൽ വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാൽ, പിന്നീട് 489 കോടി രൂപ അനുവദിക്കുകയും 284 കോടി രൂപ അധികമായി നൽകുകയും ചെയ്തു.
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂയർ കാലത്തെ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുകെട്ടാൻ ധനവകുപ്പ്. സംസ്ഥാന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചത്.
കഴിഞ്ഞവർഷത്തെ ബജറ്റിൽ വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാൽ, പിന്നീട് 489 കോടി രൂപ അനുവദിക്കുകയും 284 കോടി രൂപ അധികമായി നൽകുകയും ചെയ്തു. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചു. അതിനാലാണ് ഇപ്പോൾ അധിക വിഹിതമായി 50 കോടി രൂപ കൂടി അനുവദിച്ചത്.
2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്. ബാക്കി 7270 കോടി രൂപയും എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചത്.
ALSO READ: സാധനങ്ങൾക്ക് 10% വരെ വിലക്കുറവ്; പ്രത്യേക ഓഫറുമായി സപ്ലൈകോ, പക്ഷേ വാങ്ങാൻ ഇവർ വരണം!
ധനകാര്യവകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
അതേസമയം, വനിത ഉപഭോക്താക്കൾക്ക് നവംബർ ഒന്ന് മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾ വിലകുറവിൽ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് പുതിയ ഓഫർ. സപ്ലൈകോയിൽ വരുന്ന ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡ് ഏർപ്പെടുത്തുമെന്നും ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.