Gold Investment: 50% നഷ്ടം സംഭവിച്ചേക്കും! സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കൂ
Gold Investment Guide: ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയ്ക്ക് പുറമെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, ഡിജിറ്റല്‍ സ്വര്‍ണം എന്നിവയില്‍ വ്യാപിച്ച് കിടക്കുന്നതാണ് നിക്ഷേപങ്ങള്‍.

പ്രതീകാത്മക ചിത്രം
സ്വര്‍ണവിലയില്‍ അതിഗംഭീരമായ കുതിച്ചുചാട്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വില വര്‍ധനവ് മുതലെടുത്ത് നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 80 ശതമാനം വരുമാനമാണ് ഈ വര്‍ഷം സ്വര്‍ണം വാഗ്ദാനം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഏകദേശം 1.8 ലക്ഷം രൂപ മൂല്യമാണ് ഇന്നുള്ളത്. സ്വര്‍ണം വിപണിയിലെ ഏറ്റവും മൂല്യമേറിയ ആസ്തികളില്‍ ഒന്നാണ് എന്നതാണ് അതിന് പ്രധാന കാരണം.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് പറഞ്ഞല്ലോ, എന്നാല്‍ തെറ്റായ നിക്ഷേപ രീതികള്‍ തിരഞ്ഞെടുക്കുന്നത് വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കും. ചില അവസരങ്ങളില്‍ നികുതി ലാഭത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ കുറവ് വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയ്ക്ക് പുറമെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, ഡിജിറ്റല്‍ സ്വര്‍ണം എന്നിവയില്‍ വ്യാപിച്ച് കിടക്കുന്നതാണ് നിക്ഷേപങ്ങള്‍. ലഭ്യമായ നിക്ഷേപ മാര്‍ഗങ്ങളില്‍, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗമായി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കണക്കാക്കപ്പെടുന്നു.
ബോണ്ടുകള്‍ പ്രതിവര്‍ഷം 2.5 ശതമാനം വാര്‍ഷിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എട്ട് വര്‍ഷത്തെ കാലാവധിയാണ് ബോണ്ടുകള്‍ക്കുള്ളത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി ഉണ്ടായിരിക്കുകയില്ല. എന്നാല്‍ നിക്ഷേപകര്‍ വാര്‍ഷിക പലിശ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതിയ്ക്ക് വിധേയരാണ്.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ബോണ്ടുകള്‍ വില്‍ക്കുകയാണെങ്കില്‍ മൂലധന നേട്ട നികുതി ബാധകമാണ്. ഒരു വര്‍ഷത്തിനുള്ളിലാണ് വില്‍പനയെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്തും. അതിന് ശേഷമുള്ളതിന് 12.5 ശതമാനം നിരക്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയും ബാധകമാണ്.
Also Read: Gold Rate Forecast: സ്വർണം പിടിതരില്ല, ഒന്നരയും കടന്ന് രണ്ട് ലക്ഷമെത്തും; വില്ലൻ പണപ്പെരുപ്പം!
ബോണ്ടുകള്‍ കഴിഞ്ഞാല്‍, സ്വര്‍ണ ഇടിഎഫുകളും, സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകളുമാണ് മികച്ച ബദലായി പ്രവര്‍ത്തിക്കുന്നത്. ഭൗതിക സ്വര്‍ണം കൈവശം വെക്കാതെ ലിക്വിഡിറ്റിയും വിപണിയുമായി ബന്ധപ്പെട്ട നേട്ടവും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇത് നല്ല മാര്‍ഗങ്ങളാണ്.
12 മാസത്തിന് ശേഷം സ്വര്‍ണ ഇടിഎഫുകള്‍ വിറ്റാല്‍ 12.5 ശതമാനം എന്ന നിരക്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി ചുമത്തും. സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 24 മാസമാണ് ദീര്‍ഘകാല ഹോള്‍ഡിങ് കാലയളവ്. ഇതിന് മുമ്പ് വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല നേട്ട നികുതി ബാധകമാണ്. 30 ശതമാനം നികുതിക്ക് സാധ്യതയുണ്ട്.
ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവ ഏറ്റവും വരുമാനം കുറഞ്ഞ മാര്‍ഗമാണ്. ഇവ വാങ്ങുന്ന സമയത്ത് നിക്ഷേപകര്‍ 3 ശതമാനം ജിഎസ്ടി നല്‍കണം. ഡിജിറ്റല്‍ സ്വര്‍ണവും ഇതേ നികുതിക്ക് വിധേയമാണ്.