Cardamom Replanting Subsidy: ഇനി വരുന്നു ഏലത്തിന്റെ കാലം, നടുന്നതിന് ഒരുലക്ഷം വരെ കിട്ടും, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Cardamom Replanting in Idukki under the World Bank-aided Kera Project: ശാസ്ത്രീയ കൃഷിമുറകളിൽ കർഷകർക്ക് പ്രത്യേക പരിശീലനവും സാങ്കേതിക പരിജ്ഞാനവും നൽകും. രണ്ട് ഗഡുക്കളായാണ് തുക കർഷകരിലേക്ക് എത്തുന്നത്. ഒന്നാം വർഷം 50,000 രൂപയും ബാക്കി 50,000 അടുത്ത വർഷവും ലഭിക്കും.
തൊടുപുഴ: ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ (KERA) പദ്ധതിയുടെ ഭാഗമായി ഏലം പുനർനടീലിന് ധനസഹായം നൽകുന്നു. ഹെക്ടറിന് ഒരു ലക്ഷം രൂപ നിരക്കിലാണ് സഹായം ലഭിക്കുക. ഇടുക്കി ജില്ലയിലെ അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
ഉത്പാദനക്ഷമത കുറഞ്ഞ പഴയ ഏലം ചെടികൾ മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന മികച്ച ഇനങ്ങൾ നടുന്നതിനാണ് പ്രധാനമായും സഹായം നൽകുക. 3,500 ഹെക്ടറിലെ പുനർനടീൽ വഴി ഏഴായിരത്തോളം കർഷകർക്ക് നേരിട്ട് വരുമാന വർദ്ധനവ് ഉറപ്പാക്കുന്നു. ശാസ്ത്രീയ കൃഷിമുറകളിൽ കർഷകർക്ക് പ്രത്യേക പരിശീലനവും സാങ്കേതിക പരിജ്ഞാനവും നൽകും. രണ്ട് ഗഡുക്കളായാണ് തുക കർഷകരിലേക്ക് എത്തുന്നത്. ഒന്നാം വർഷം 50,000 രൂപയും ബാക്കി 50,000 അടുത്ത വർഷവും ലഭിക്കും.
Also Read: Gold Rate Forecast: സ്വർണം പിടിതരില്ല, ഒന്നരയും കടന്ന് രണ്ട് ലക്ഷമെത്തും; വില്ലൻ പണപ്പെരുപ്പം!
ആർക്കൊക്കെ അപേക്ഷിക്കാം?
25 സെന്റ് മുതൽ 8 ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. പരമാവധി 2 ഹെക്ടർ വരെയുള്ള പുനർനടീലിനായിരിക്കും ധനസഹായം. ഗുണമേന്മയുള്ള തൈകൾ ഉൽപ്പാദിപ്പിക്കുന്ന നഴ്‌സറികൾക്കും സബ്‌സിഡി ലഭ്യമാണ്. മറ്റ് ഏജൻസികളിൽ നിന്ന് സമാനമായ സഹായം ലഭിക്കാത്തവർ ആയിരിക്കണം. കർഷകർക്കും കൂട്ടായ്മകൾക്കും ഗ്യാപ് (GAP) സർട്ടിഫിക്കേഷനായി ചെലവാകുന്ന തുക പൂർണ്ണമായും (100%) പദ്ധതിയിലൂടെ തിരികെ നൽകും (Reimbursement).
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർക്ക് https://www.keraplantation.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം റീജിയണൽ ഓഫീസുമായോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ആവശ്യമായ രേഖകൾ
- തിരിച്ചറിയൽ രേഖ, ഫോട്ടോ.
- ബാങ്ക് പാസ് ബുക്ക്.
- കൈവശാവകാശ സർട്ടിഫിക്കറ്റ്, നികുതി രസീത്.
- കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (CRC), കൃഷിഭൂമിയുടെ സ്കെച്ച്.
നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന കർഷകർക്ക് പദ്ധതി നടപ്പിലാക്കാൻ കേര ഫീൽഡ് ഓഫീസർമാരുടെ നേരിട്ടുള്ള പിന്തുണയും ലഭിക്കും.