Gold: സ്വർണമോ വെള്ളിയോ, പുതുവർഷത്തിൽ തിളങ്ങുന്നത് ആരാകും?
Gold vs Silver: രണ്ട് ലോഹങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ 2026ൽ തിളങ്ങുന്നത് ആരായിരിക്കും? കൂടുതൽ ലാഭം സ്വർണമോ വെള്ളിയോ? പരിശോധിക്കാം.....

പ്രതീകാത്മക ചിത്രം
പ്രവചനാതീതമായി സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്. ഡിസംബർ അവസാനം റെക്കോർഡുകൾ തകർത്തായിരുന്നു പൊന്നിന്റെ സഞ്ചാരം. ഒരു പവന് 1,04,440 രൂപ വരെ വില ഉയർന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില താഴ്ന്നത് ആശ്വാസകരമായെങ്കിലും വീണ്ടും വില ഉയരാൻ തുടങ്ങിയിരിക്കുകയാണ്. നിലവിൽ ഒരു പവന്‍ സ്വര്‍ണത്തിന് 99,040 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,380 രൂപയിലും എത്തി.
സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുകയാണ്. കൂടിയും കുറഞ്ഞും സ്വർണത്തെ കടത്തിവെട്ടിയുമെല്ലാം വെള്ളി വിപണിയിൽ നിറയുകയാണ്. നിലവിൽ വെള്ളി ഗ്രാമിന് 256.90 രൂപയും കിലോയ്ക്ക് 2,56,900 രൂപയുമാണ് വില. രണ്ട് ലോഹങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ 2026ൽ തിളങ്ങുന്നത് ആരായിരിക്കും? കൂടുതൽ ലാഭം സ്വർണമോ വെള്ളിയോ? പരിശോധിക്കാം…..
വിദേശനാണ്യ കരുതൽ ശേഖരം വിപുലീകരിക്കുന്നതിനായി കേന്ദ്ര ബാങ്ക്സ സ്വർണം വാങ്ങുന്നത് പൊന്നിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണം പോലുള്ള ലാഭകരമല്ലാത്ത ആസ്തികളെ പിന്തുണയ്ക്കക്കുന്നതിനായി ആഗോളതലത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും 2026ൽ സ്വർണത്തിന് നേട്ടമാകും.
ALSO READ: കാര്യമില്ല മക്കളേ…സ്വര്‍ണവില വീണ്ടും കൂടി, ഇന്നത്തെ നിരക്ക്
അതേസമയം, 2026 ജനുവരി 1 മുതൽ ചൈന വെള്ളി കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ വെള്ളി വിതരണത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന ചൈനയുടെ ഈ നീക്കം ആഗോള വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയ്ക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ, വർദ്ധിച്ചുവരുന്ന വ്യാവസായിക ആവശ്യങ്ങളും വെള്ളി വിലയ്ക്ക് ആക്കം കൂട്ടും.
സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, AI, 5G സാങ്കേതികവിദ്യ തുടങ്ങിയവയിൽ വെള്ളി ഡിമാൻഡ് കൂടുകയാണ്. സ്വർണ്ണവില കൂടുന്ന സാഹചര്യത്തിൽ, സാധാരണക്കാരായ നിക്ഷേപകർ വെള്ളിയെ ഒരു മികച്ച ബദലായി കാണുന്നുണ്ട്. സിൽവർ ഇ.ടി.എഫുകളിലും ഡിജിറ്റൽ വെള്ളിയിലും നിക്ഷേപം വർദ്ധിക്കുന്നതായും വിദഗ്ധർ പറയുന്നു.