New farming trend: കിലോയ്ക്ക് 1200 വരെ വിലകിട്ടും, തിപ്പലികൃഷിയാണ് പുതിയ ട്രെൻഡ്
High Value Crop: നട്ട് ആദ്യവർഷം ഹെക്ടറിൽനിന്ന് 100-150 കിലോഗ്രാം വരെ വിളവ് ലഭിക്കും. നാല് വർഷംകൊണ്ട് ഇത് ഹെക്ടറിന് ഒരു ടൺ വരെയായി വർദ്ധിക്കും.
കൊച്ചി: രോഗശമനത്തിനും ശരീരശക്തി വർദ്ധിപ്പിക്കുന്നതിനും ആയുർവേദത്തിൽ പ്രാധാന്യമുള്ള ഔഷധസസ്യമാണ് തിപ്പലി (Piper longum). കൃഷ്ണ, പിപ്പലി തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ കായയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.
ദഹനശക്തി വർദ്ധിപ്പിക്കാനും രക്തക്കുറവ്, ചുമ, അതിസാരം എന്നിവ മാറ്റാനും തിപ്പലിക്ക് കഴിവുണ്ട്. ത്രികടു, പഞ്ചകോലം തുടങ്ങിയ ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണിത്. പൈപ്പറിൻ പോലുള്ള ആൽക്കലോയ്ഡുകൾ തിപ്പലിയിൽ അടങ്ങിയിരിക്കുന്നു.
കേരളം, അസം, ബംഗാൾ എന്നിവിടങ്ങളിൽ തിപ്പലി ധാരാളമായി കൃഷിചെയ്യുന്നു. കൃഷിക്ക് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും 20-25% ഭാഗിക തണലുമാണ് ആവശ്യം. നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണാണ് അനുയോജ്യം.
മഴക്കാലത്തിന്റെ തുടക്കത്തിൽ തണ്ട് / വള്ളി മുറിച്ചെടുത്താണ് പ്രജനനം നടത്തുന്നത്. വെള്ളം കെട്ടിനിൽക്കുന്നത് വിളയ്ക്ക് ദോഷകരമാണ്. നടീലിന് ശേഷം ഏകദേശം 6 മാസം കൊണ്ട് വള്ളികൾ പൂക്കാൻ തുടങ്ങും. കായകൾ പാകമാവാൻ രണ്ട് മാസം എടുക്കും. പൂർണ്ണമായും പാകമാകുമ്പോൾ വിളവെടുക്കാം.
നട്ട് ആദ്യവർഷം ഹെക്ടറിൽനിന്ന് 100-150 കിലോഗ്രാം വരെ വിളവ് ലഭിക്കും. നാല് വർഷംകൊണ്ട് ഇത് ഹെക്ടറിന് ഒരു ടൺ വരെയായി വർദ്ധിക്കും. കിലോയ്ക്ക് 1200 രൂപ വരെ വില ലഭിക്കുന്നതിനാൽ തിപ്പലികൃഷി കർഷകർക്ക് മികച്ച വരുമാനം നൽകുന്ന പുതിയ ട്രെൻഡായി മാറുകയാണ്.