Gold: ചുമ്മാതല്ല സ്വർണം പിടിതരാത്തത്, വില കണക്കാക്കുന്നത് ഇങ്ങനെ….
How Are Gold Rates Calculated In India: ആഭണങ്ങളായി മാത്രമല്ല, മികച്ച നിക്ഷേപമായും ഇന്ത്യക്കാർക്കിടയിൽ സ്വർണത്തിന് വൻ ഡിമാൻഡാണ്. എന്നാൽ വില കുതിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ആരാണ് വില നിശ്ചയിക്കുന്നത്, എന്തിന്റെ അടിസ്ഥാനത്തിൽ? പരിശോധിക്കാം.....
കൂടിയും കുറഞ്ഞും മുന്നേറുന്ന സ്വർണവില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശങ്ക ഉയർത്തുകയാണ്. ആഭണങ്ങളായി മാത്രമല്ല, മികച്ച നിക്ഷേപമായും ഇന്ത്യക്കാർക്കിടയിൽ സ്വർണത്തിന് വൻ ഡിമാൻഡാണ്. എന്നാൽ റെക്കോർഡുകൾ ഭേദിക്കും വിധം സ്വർണവില കുതിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ആരാണ് വില നിശ്ചയിക്കുന്നത്? എന്തിന്റെ അടിസ്ഥാനത്തിൽ? പരിശോധിക്കാം…..
വില നിശ്ചയിക്കുന്ന ഘടകങ്ങൾ
പണപ്പെരുപ്പ നിരക്ക്
സ്വർണ്ണവിലയെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളിലൊന്നാണ് പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം വർദ്ധിക്കുമ്പോൾ, നിക്ഷേപകർ അവരുടെ സമ്പാദ്യം സംരക്ഷിക്കുന്നതിനായി സ്വർണ്ണത്തിലേക്ക് തിരിയുന്നു. ഇതിലൂടെ സ്വർണ്ണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കുകയും വില ഉയരുകയും ചെയ്യും.
കറൻസികളുടെ മൂല്യം
ആഗോളതലത്തിൽ സ്വർണ്ണം പ്രധാനമായും വ്യാപാരം ചെയ്യപ്പെടുന്നത് യു.എസ്. ഡോളറിലാണ്. സ്വർണ്ണവും ഡോളറും പരസ്പരം വിപരീത ബന്ധമുള്ളവയാണ്. അതായത്, യു.എസ്. ഡോളറിൻ്റെ മൂല്യം ഇടിയുമ്പോൾ, സ്വർണ്ണവില കൂടുന്നു.
പലിശ നിരക്കുകൾ
ഫെഡറൽ റിസർവ് പോലുള്ള ആഗോള സെൻട്രൽ ബാങ്കുകൾ പലിശനിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, ബോണ്ടുകൾ പോലുള്ള നിക്ഷേപ മാർഗങ്ങൾ കൂടുതൽ ആകർഷകമാവുകയും സ്വർണ്ണത്തിലുള്ള നിക്ഷേപം കുറയുകയും ചെയ്യും. ഇത് വില ഇടിയുന്നതിന് കാരണമാകും. എന്നാൽ പലിശനിരക്കുകൾ കുറയ്ക്കുമ്പോൾ സ്വർണ്ണവില ഉയരും.
ആഗോള അനിശ്ചിതത്വം
യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മഹാമാരികൾ തുടങ്ങിയ ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങൾ സംഭവിക്കുമ്പോൾ നിക്ഷേപകർ സുരക്ഷ തേടി സ്വർണ്ണം വാങ്ങിക്കൂട്ടും. ഇത് സ്വർണ്ണവില വർദ്ധിപ്പിക്കുന്നു.
ഡിമാൻഡ്
ഇന്ത്യയിൽ ഉത്സവങ്ങൾ, വിവാഹങ്ങൾ, മറ്റ് ആചാരങ്ങൾ എന്നിവ സ്വർണ്ണത്തിൻ്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. ഇതിനനുസരിച്ച് വില ഉയരും. കൂടാതെ, സ്വർണ്ണത്തിൻ്റെ ശുദ്ധി അനുസരിച്ചും വിലയിൽ വ്യത്യാസം വരും.
ALSO READ: സ്വര്‍ണവില 60,000 രൂപയിലേക്ക്? ഡിസംബര്‍ 1 ഓടെ സംഭവിക്കാന്‍ പോകുന്നത്
ഇന്ത്യയിൽ സ്വർണ്ണവില നിശ്ചയിക്കുന്നത് ആര്?
ആഗോള ബെഞ്ച്മാർക്ക്
ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് സ്വർണ്ണവിലയുടെ ആഗോള ബെഞ്ച്മാർക്ക് നിശ്ചയിക്കുന്നത്. കൂടാതെ, COMEX പോലുള്ള പ്രധാന എക്സ്ചേഞ്ചുകൾ ആഗോള നിരക്കുകൾ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇന്ത്യൻ നിരക്ക്
ഇന്ത്യയിലെ സ്വർണ്ണ നിരക്കുകൾ നിശ്ചയിക്കുന്നത് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) ആണ്. അന്താരാഷ്ട്ര വിലകൾ, ഫോറെക്സ് വിനിമയ നിരക്കുകൾ, പ്രാദേശിക ഡിമാൻഡ്-സപ്ലൈ എന്നിവ വിലയിരുത്തിയാണ് എല്ലാ ദിവസവും സ്വർണ്ണവില പ്രഖ്യാപിക്കുന്നത്.