Gold in earth: ഭൂമിയിലെ സ്വർണ്ണശേഖരം തീരുന്നോ? പുറത്തെടുക്കാൻ എത്രയുണ്ട് ബാക്കി…
Amount of gold in earth: ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഖനനം ചെയ്യാത്ത വലിയ സ്വർണ്ണ ശേഖരം ഇപ്പോഴുള്ളത്. ഖനനം കൂടുന്തോറും ഈ പ്രകൃതിവിഭവം അതിവേഗം കുറഞ്ഞുവരികയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൊൽക്കത്ത: ലോകം സ്വർണ്ണത്തിനായി പരക്കം പായുമ്പോഴും ഭൂമിക്കടിയിലെ സ്വർണ്ണശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ, വേൾഡ് ഗോൾഡ് കൗൺസിൽ എന്നിവയുടെ കണക്കുകൾ പ്രകാരം വ്യാവസായികവൽക്കരണത്തിന് ശേഷം സ്വർണ്ണ ഖനനം റെക്കോർഡ് വേഗത്തിലാണ് നടക്കുന്നത്.
മനുഷ്യൻ തന്റെ പ്രയത്നം കൊണ്ട് പാറകളിൽ നിന്നും നദികളിൽ നിന്നുമായി ഇതുവരെ 26,000 ടണ്ണിലധികം സ്വർണ്ണം വേർതിരിച്ചെടുത്തെന്നാണ് കണക്കുകൾ. അതിശയകരമായ വസ്തുത, ലോകത്തെ ഏറ്റവും മികച്ച 10 രാജ്യങ്ങളുടെ ആകെ കരുതൽ ശേഖരത്തേക്കാൾ കൂടുതലാണ് മനുഷ്യൻ ഇതുവരെ ഖനനം ചെയ്തെടുത്ത ഈ സ്വർണ്ണം. ഇതിൽ ഭൂരിഭാഗവും ആഭരണങ്ങളായും മറ്റ് അലങ്കാര വസ്തുക്കളുമായാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.
ഭൂമിയിൽ ഇനി എത്ര സ്വർണ്ണം?
ഭൂമിയിൽ ഇനിയും ഖനനം ചെയ്തെടുക്കാൻ ബാക്കിയുള്ളത് ഏകദേശം 70,550 ടൺ സ്വർണ്ണമാണെന്ന് USGS റിപ്പോർട്ട് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഖനനം ചെയ്യാത്ത വലിയ സ്വർണ്ണ ശേഖരം ഇപ്പോഴുള്ളത്. ഖനനം കൂടുന്തോറും ഈ പ്രകൃതിവിഭവം അതിവേഗം കുറഞ്ഞുവരികയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഖനനം ചെയ്ത സ്വർണ്ണം താഴെ പറയുന്ന രീതിയിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ
45% ആഭരണങ്ങളായും 22% ഗോൾഡ് ബാറുകളും നാണയങ്ങളും ആയാണ്. 17% മാത്രം വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളിൽ നിക്ഷേപങ്ങളിലുണ്ട്. സ്വർണ്ണവില കുതിച്ചുയരുന്നതോടെ നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചിട്ടുണ്ട്. ഇതും വിപണിയിൽ വില കൂടാൻ ഒരു പ്രധാന കാരണമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്നത് ചൈനയാണെങ്കിലും, കരുതൽ ശേഖരത്തിന്റെ കാര്യത്തിൽ അമേരിക്ക (USA) ആണ് ബഹുദൂരം മുന്നിൽ.