പിതാവിന്റെ മരണശേഷം നോമിനി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണം വാങ്ങാം; ചെയ്യേണ്ടത്
No Nominee in Your Father’s Bank Account? Here’s How to Claim the Money: നോമിനി ഇല്ലാത്ത സാഹചര്യത്തിലും നിയമപരമായ അവകാശികള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ തുക ക്ലെയിം ചെയ്യാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, നോമിനിയോ സര്‍വൈവര്‍ഷിപ്പ് ക്ലോസോ ഇല്ലാത്ത അക്കൗണ്ടുകള്‍ക്കായി ബാങ്കുകള്‍ ലളിതമായ ക്ലെയിം നടപടിക്രമം പിന്തുടരേണ്ടതാണ്. അതിനാല്‍ നോമിനി ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയില്ല.
ബാങ്ക് അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിക്കാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ ഒരു അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ചെയ്തിരിക്കേണ്ട കാര്യങ്ങളെല്ലാം പലരും മറന്നുപോകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നോമിനിയെ ചേര്‍ക്കുന്നത്. അക്കൗണ്ട് ഉടമയുടെ മരണശേഷം പണം ആര്‍ക്കെങ്കിലും ലഭിക്കണമെങ്കില്‍ നോമിനി ഉണ്ടായിരിക്കണം. എന്നാല്‍ നോമിനി ഇല്ലാത്ത സാഹചര്യത്തിലും നിയമപരമായ അവകാശികള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ തുക ക്ലെയിം ചെയ്യാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, നോമിനിയോ സര്‍വൈവര്‍ഷിപ്പ് ക്ലോസോ ഇല്ലാത്ത അക്കൗണ്ടുകള്‍ക്കായി ബാങ്കുകള്‍ ലളിതമായ ക്ലെയിം നടപടിക്രമം പിന്തുടരേണ്ടതാണ്. അതിനാല്‍ നോമിനി ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയില്ല.
ആദ്യം ബാങ്കിനെ അറിയിക്കാം
അക്കൗണ്ട് ഉടമ മരിച്ച വിവരം ബന്ധപ്പെട്ട ബാങ്ക് ശാഖയെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മരണ സര്‍ട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ട പ്രധാന രേഖ. ശേഷം നിയമപരമായ അവകാശികള്‍ക്ക് അക്കൗണ്ടിലെ തുക ലഭിക്കുന്നതിനുള്ള ക്ലെയിം സമര്‍പ്പിക്കാം. നോമിനിയില്ലാത്ത അക്കൗണ്ടുകളില്‍ ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ അക്കൗണ്ടിലെ തുക, വില്‍ ഉണ്ടോ ഇല്ലയോ, അവകാശികള്‍ തമ്മില്‍ തര്‍ക്കമുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.
ആവശ്യമായ രേഖകള്‍ ഏതെല്ലാം?
നോമിനിയില്ലാത്ത അക്കൗണ്ടിലെ പണം ക്ലെയിം ചെയ്യുന്നതിനായി സാധാരണയായി ആവശ്യപ്പെടുന്ന പ്രധാന രേഖകളാണ് മരണ സര്‍ട്ടിഫിക്കറ്റ്, ക്ലെയിം ഫോം, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകള്‍ എന്നിവ. ആര്‍ബിഐ മാര്‍ഗനിര്‍ദേശപ്രകാരം, നിശ്ചിത പരിധിക്കുള്ളിലെ ക്ലെയിമുകള്‍ക്ക് ബാങ്കുകള്‍ക്ക് ലളിതമായ നടപടിക്രമം പിന്തുടരാം. ചില സാഹചര്യങ്ങളില്‍ മറ്റ് അവകാശികളുടെ ഡിസ്‌ക്ലെയിമര്‍/നോ ഒബ്ജക്ഷന്‍ ലെറ്റര്‍ എന്നിവയും ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കാം.
Also Read: വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടില്ല അല്ലേ? സാരമില്ല സ്ഥിരവരുമാനം എങ്ങനെ ഉറപ്പാക്കമെന്നറിയാം
ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ്
അക്കൗണ്ട് ഉടമയുടെ നിയമപരമായ അവകാശികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ബാങ്ക് ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ബാങ്കിന്റെ നയവും അക്കൗണ്ടിലെ തുകയും കേസിന്റെ സാഹചര്യങ്ങളും അനുസരിച്ച് അധിക രേഖകള്‍ ആവശ്യപ്പെടാം. മരിച്ച വ്യക്തി വില്‍ എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അതിലെ വ്യവസ്ഥകള്‍ക്കും പ്രാധാന്യമുണ്ട്. കൂടാതെ അവകാശികള്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കില്‍ സാധാരണ ലളിതമായ ക്ലെയിം നടപടിക്രമം ബാധകമാകണമെന്നില്ല.
വലിയ തുകയാണെങ്കില്‍ എന്ത് സംഭവിക്കും?
നിശ്ചിത പരിധിക്ക് മുകളിലുള്ള തുകയാണെങ്കില്‍ ബാങ്ക് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടേക്കാം. പ്രത്യേകിച്ച് നിയമപരമായ അവകാശികളെക്കുറിച്ച് സംശയമുണ്ടെങ്കില്‍, അല്ലെങ്കില്‍ അവകാശികള്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍, കൂടുതല്‍ നിയമനടപടികള്‍ ആവശ്യമായി വരാം. അതുകൊണ്ട് വലിയ തുകയുള്ള അക്കൗണ്ടാണെങ്കില്‍ ബന്ധപ്പെട്ട ബാങ്ക് ശാഖയില്‍ നേരിട്ട് അന്വേഷിച്ച് ആവശ്യമായ രേഖകളുടെ പട്ടിക ആദ്യം മനസിലാക്കുന്നതാണ് ഉചിതം.
English Summary
No nominee in a deceased person’s bank account does not mean the money is lost. Legal heirs can claim the amount by submitting the required documents to the bank.