ITR filing 2025: ഐടിആർ ഫയൽ ചെയ്തില്ലേ? ഇനിയുള്ളത് ഒരു വഴി മാത്രം!
Belated ITR: ഇനിയും ഐടിആർ ഫയലിംഗ് പൂർത്തിയാക്കാത്തവരുണ്ടോ? അവർക്ക് ഇനി അവസരം കിട്ടുമോ? സംശയങ്ങൾ മാറ്റാം....
2025-26 അസസ്‌മെന്റ് വർഷത്തിലെ (AY) ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി രണ്ടുതവണ നീട്ടിയിരുന്നു. ആദ്യം 2025 ജൂലൈ 31നായിരുന്നു സമയപരിധി. തുടർന്ന് സെപ്റ്റംബർ 15 വരെയും അവസരം നൽകി. എന്നാൽ ഇനിയും ഐടിആർ ഫയലിംഗ് പൂർത്തിയാക്കാത്തവരുണ്ടോ? അവർക്ക് ഇനി അവസരം കിട്ടുമോ? സംശയങ്ങൾ മാറ്റാം….
നികുതിദായകർക്ക് ഇനി എന്തുചെയ്യാൻ കഴിയും?
സെപ്റ്റംബർ 16-നകം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഇപ്പോഴും റിട്ടേൺ സമർപ്പിക്കാൻ അവസരമുണ്ട്. ഇതിനുള്ള ഓപ്ഷൻ ആണ് വൈകിയ ഐടിആർ ഫയലിംഗ്, Belated ITR filing. ഇത്തവണ, വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്.
ALSO READ: ഒക്ടോബറിലെ ശമ്പളത്തിൽ ദീപാവലി സമ്മാനം; ക്ഷാമബത്ത വർദ്ധനവ് ഇത്രയും…
എന്നാൽ ചില വ്യവസ്ഥകളും, പിഴയും ഇതോടൊപ്പമുണ്ട്. 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർ 1,000 രൂപയും, 5 ലക്ഷത്തിലധികം വരുമാനമുള്ളവർ 5,000 രൂപയുമാണ് പിഴ നൽകേണ്ടതായി വരുന്നത്. ഇതിനുപുറമെ, നികുതി ബാധ്യത ഉണ്ടായാൽ, അതിന് പലിശയും നൽകേണ്ടിവരും.
ഡിസംബർ 31-നകം ഫയൽ ചെയ്തില്ലെങ്കിൽ?
സെപ്റ്റംബർ 16 എന്ന പ്രധാന സമയപരിധി നിങ്ങൾ നഷ്ടപ്പെടുത്തുകയും 2025 ഡിസംബർ 31 നകം ഐടിആർ ഫയൽ ചെയ്യാതിരിക്കുകയും ചെയ്താൽ, സാഹചര്യം നിങ്ങൾക്ക് ബുദ്ധിമുട്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ആനുകൂല്യങ്ങളും നഷ്ടമായേക്കാം.