Coconut Oil Price Hike : ഓണം വെളിച്ചെണ്ണ ഉപയോഗിച്ച് തന്നെ ആഘോഷിക്കാം! ഒരു റേഷൻ കാർഡിന് രണ്ട് ലിറ്റർ സബ്സിഡി ഇനത്തിൽ ലഭിക്കും
Supplyco Coconut Oil Price : ഒരു ലിറ്ററിന് 349 രൂപയാണ് സബ്സിഡിയിനത്തിൽ വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകുന്നത്. അര ലിറ്ററിന് 179 രൂപയും
തിരുവനന്തപുരം : ഓണക്കാലത്തിന് പ്രതിസന്ധിയായി നിന്ന വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് താൽക്കാലിക ആശ്വാസമായി സബ്സിഡി പ്രഖ്യാപിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണത്തിനോട് അനുബന്ധിച്ച് സബ്സിഡി ഇനത്തിൽ 349 രൂപയ്ക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോ വഴി വിൽപന നടത്തുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് ഉറപ്പ് നൽകിയിരിക്കുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി ഇനത്തിൽ വാങ്ങിക്കാൻ സാധിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഓഗസ്റ്റ് 15-ാം തീയതി മുതൽ സപ്ലൈകോയുടെ ഓണവിപണിയോട് അനുബന്ധിച്ചാണ് ലിറ്ററിന് 500 കടന്ന വെളിച്ചെണ്ണ 349 രൂപയ്ക്ക് സർക്കാർ നൽകാൻ പോകുന്നത്. അര ലിറ്റർ വെളിച്ചെണ്ണ 179 രൂപയ്ക്കാണ് സബ്സിഡി ഇനത്തിൽ നൽകുക. അതേസമയം സബ്സിഡിയില്ലാതെ വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയ്ക്കും അര ലിറ്ററഇന് 219 രൂപയ്ക്കും സപ്ലൈകോ വഴി ലഭിക്കും.
പൊതുവിപണിയിൽ വിലക്കയറ്റം തുടരുന്നതിനാൽ സപ്ലൈകോയിൽ അര ലിറ്റർ സബ്സിഡി വെളിച്ചെണ്ണയുടെ വില 75 രൂപയിൽനിന്നു 140 രൂപയായി വർധിപ്പിച്ചിരുന്നു. ജിഎസ്ടിയും പാക്കിങ് ചാർജും ഉൾപ്പെടെ പുതുക്കിയ വില മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിരുന്നു. വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. സൺഫ്ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവയും സപ്ലൈക്കോ വഴി ലഭിക്കും.
നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും.