Coconut Oil Price Hike : പ്രതീക്ഷയ്ക്ക് വകയുണ്ടോ? കൊപ്രയുടെ വില ഇടിഞ്ഞു, വെളിച്ചെണ്ണയുടെ വില ഇനി കുറയുമോ?
Kerala Copra & Coconut Oil Price Update : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊപ്രയുടെ വില ക്വിൻ്റലിന് 1,200 രൂപയോളമാണ് ഇടിവ് രേഖപ്പെടുത്തിട്ടുള്ളത്. ഇത് വെളിച്ചെണ്ണ വിലയിൽ പ്രതിഫലിക്കുമോ എന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്
ഓണം അടുക്കുമ്പോൾ മലയാളിയുടെ അടുക്കള നേരിടുന്ന പ്രതിസന്ധി വെളിച്ചെണ്ണയുടെ വില വർധനയാണ്. 2025ൻ്റെ തുടക്കത്തിൽ ലിറ്ററിന് 220 രൂപയായിരുന്ന വെളിച്ചെണ്ണ അതിപ്പോൾ 550 രൂപയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. വില കുത്തനെ ഉയർന്നപ്പോൾ കടകളിൽ നിന്നും വെളിച്ചെണ്ണ മോഷ്ടിക്കപ്പെടുന്ന സ്ഥിതി വരെയുണ്ടായി. എക്കാലത്തെയും ഉയർന്ന നിരക്കിൽ വെളിച്ചെണ്ണ വിലയെത്തിയപ്പോൾ ഹോൾസെയിൽ മാർക്കറ്റിൽ കൊപ്രയുടെ വിലയും ഗണ്യമായി വർധിച്ചിരുന്നു.
ജൂലൈ മാസത്തിൽ കൊപ്രോയ്ക്ക് ക്വിൻ്റലിന് 25,000 രൂപയോളമെത്തിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ കൊപ്രയുടെ വിലയിൽ 1,500 ഓളം രൂപയുടെ വില ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് എത്രത്തോളം വെളിച്ചെണ്ണ വിപണിയിലെ വിലക്കയറ്റം തടയാൻ സാധിക്കുമെന്നാണ് കാത്തിരിക്കേണ്ടത്. ഹോൾസെയിൽ മാർക്കറ്റിൽ കൊപ്രയ്ക്ക് കിലോയ്ക്ക് 240 രൂപയായി കുറഞ്ഞപ്പോൾ വെളിച്ചെണ്ണ വില കിലോയ്ക്ക് 393ൽ നിന്നും 379 രൂപയിലേക്കെത്തി. എന്നാൽ ഈ വില മാറ്റം റീട്ടെയിൽ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല. ഓണം ആകുമ്പോഴേക്കും വെളിച്ചെണ്ണ വില കുറയുമെന്ന പ്രതീക്ഷയിലാണ്.
ALSO READ : Coconut Oil Price Hike: തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്..
വെളിച്ചെണ്ണ, കൊപ്ര വില കൂടാൻ കാരണമെന്താണ്?
സംസ്ഥാനത്തെ വെളിച്ചെണ്ണ വില വർധിക്കാനുള്ള കാരണങ്ങൾ പ്രാദേശികം മുതൽ അഗോളതലം വരെ നീണ്ട് നിൽക്കുന്നതാണ്. ‘കേരം തിങ്ങും കേരള നാട്ടിലേക്ക്’ ആവശ്യത്തിനുള്ള തേങ്ങ ഏറെയും എത്തിക്കുന്നത് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇത്തവണത്തെ വളർച്ചയിൽ കർണാടകയിൽ കരിക്കിൻ്റെ വിപണി വർധിക്കുകയുണ്ടായി. ഇത് ആവശ്യത്തിനുള്ള തേങ്ങയുടെ ഉത്പാദനത്തെ ബാധിച്ചു. അതേസമയം തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്ന തേങ്ങ പൂഴ്ത്തിവെക്കുന്നതായിട്ടും ചില റിപ്പോർട്ടുകളുണ്ട്. ഇവയ്ക്ക് പുറമെ കാലാവസ്ഥ മാറ്റം, കീടങ്ങളുടെ ആക്രമണം തെങ്ങ് കൃഷിയെ ഗണ്യമായി ബാധിച്ചിട്ടുണ്ട്.
ഇനി അഗോളതലത്തിലേക്ക് വരുമ്പോൾ കേരളത്തിലെ വെളിച്ചെണ്ണ വില വർധനയ്ക്ക് പിന്നിൽ ഇന്തോനേഷ്യയും ഫിലിപ്പിൻസുമുണ്ട്. ലോകത്ത് നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത് ഇന്തോനേഷ്യയും ഫിലിപ്പിൻസുമാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇന്തോനേഷ്യലും ഫിലിപ്പിൻസിലും നാളികേരത്തിൻ്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾ നാളികേരം ഏറെയും കൊണ്ടുവരുന്നത് ഈ രാജ്യങ്ങളിലാണ്. ആഭ്യന്തര ആവശ്യങ്ങൾക്ക് തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ ഇന്തോനേഷ്യ നാളികേരത്തിൻ്റെയും വെളിച്ചെണ്ണയുടെയും കയറ്റുമതി നിർത്തിവെച്ചു.