Price Hike: വിലക്കയറ്റത്തിൽ വലഞ്ഞ് കല്യാണ മോഹം, ആശ്വാസമായി വെളിച്ചെണ്ണ
Price Hike During Wedding Season: വെളിച്ചെണ്ണ, പച്ചക്കറി, ചിക്കൻ, അരി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ വലിയ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. സദ്യകൾക്ക് അധികമായി വേണ്ടിവരുന്ന ചേന, മത്തൻ, വെള്ളരിക്ക തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറിയതോടെ വിലയിൽ നേരിയ വർദ്ധനവുണ്ട്.

പ്രതീകാത്മക ചിത്രം
മലയാളികളുടെ അടുക്കള ബജറ്റിനെ താളം തെറ്റിച്ച് സാധനങ്ങളുടെ വില കുതിക്കുകയാണ്. പ്രത്യേകിച്ച് വിവാഹസീസണിലെ ഈ വില കുതിപ്പ് സാധാരണക്കാരുടെ ആശങ്ക ഉയർത്തുകയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് എല്ലാ ആവശ്യങ്ങൾക്കും കൂടി ലക്ഷങ്ങൾ ചെലവായിരുന്നെങ്കിൽ ഇന്ന് സ്വർണത്തിന് മാത്രം ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥയാണ്. സ്വർണത്തോടൊപ്പം, വെളിച്ചെണ്ണ, പച്ചക്കറി, ചിക്കൻ, അരി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ വലിയ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.
ചിക്കനും പച്ചക്കറിക്കും പൊള്ളുന്ന വില
വിവാഹത്തിന് സദ്യക്കും മറ്റ് ആഹാരങ്ങൾക്കും വില തിരിച്ചടിയാകും. കോഴിയിറച്ചിക്കും പച്ചക്കറിക്കും വില കുത്തനെ കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചില്ലറവിൽപ്പന വിപണിയിൽ കോഴിയിറച്ചി കിലോയ്ക്ക് 400 രൂപ കടന്നിരിക്കുകയാണ്. കോഴി കര്‍ഷകരുടെ സമരവും തണുത്ത കാലാവസ്ഥയ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ ബാധിച്ചതും വില ഉയരാൻ കാരണമായി. കേരളത്തിലും ചിക്കൻ വില കൂടുന്നുണ്ട്.
പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ്. ഉൽപ്പാദനത്തിലെ കുറവ് കാരണം മുരിങ്ങയ്ക്ക, ഇഞ്ചി എന്നിവയ്ക്ക് ഇപ്പോൾ വിപണിയിൽ തീ വിലയാണ്. സദ്യകൾക്ക് അധികമായി വേണ്ടിവരുന്ന ചേന, മത്തൻ, വെള്ളരിക്ക തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറിയതോടെ വിലയിൽ നേരിയ വർദ്ധനവുണ്ട്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറയുന്നത് വില ഉയരാൻ കാരണമാകുന്നു.
ALSO READ: ആശ്വാസമായി കോഴിമുട്ട, വിലയിൽ വൻ ഇടിവ്
പൊന്നായി വെളിച്ചെണ്ണ
വിവാഹാഘോഷങ്ങളിൽ പ്രധാനിയായ സ്വർണം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി പവന് 1,15,320 രൂപ രേഖപ്പെടുത്തി. എന്നാൽ ഇന്ന് നേരിയ ഇടിവുണ്ടായിട്ടുണ്ട്. നിലവിൽ പവന് 1,13,160 രൂപയാണ് വില. വിപണിവില 1,13,160 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവന് മാത്രം ഏകദേശം 1.30 രൂപ നൽകേണ്ടി വരും.
അതേസമയം, മറ്റൊരു പ്രധാനിയായ വെളിച്ചെണ്ണ വില താഴുന്നതായാണ് സൂചന. കൊപ്രയ്‌ക്ക് വ്യവസായിക ആവശ്യം ചുരുങ്ങിയത് വിലയെ ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇന്ന് 200 രൂപ കുറഞ്ഞ് 17,050 രൂപയിലേയ്‌ക്ക് കൊപ്ര വില ഇടിഞ്ഞു. നാളികേര ഉൽപാദനം ഉയരുമെന്ന വിലയിരുത്തലിൽ കർഷകർ വിളവെടുപ്പ് വേഗത്തിലാക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് വർധിച്ചതും കൊപ്രയുടെ വിലയിടിഞ്ഞതും വെളിച്ചെണ്ണ വില കുറയാൻ കാരണമായി.