Ration Shop: റേഷൻ വ്യാപാരികളുടെ വരുമാനം കൂടും, കാരണമിത്…
Kerala Ration Dealers Commission Hike: കമ്മിഷൻ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് നിയോഗിച്ച സമിതി കഴിഞ്ഞ മാർച്ചിൽ നൽകിയ റിപ്പോർട്ട് ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. അടുത്തമാസം ധനവകുപ്പ്, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പാക്കേജിന് അന്തിമരൂപം നൽകുമെന്നാണ് വിവരം.

Ration Shop
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ കമ്മിഷൻ വർദ്ധിപ്പിച്ചേക്കും. നിലവിൽ 18,000 രൂപയാണ് ലഭിക്കുന്നത്. എന്നാൽ കുറഞ്ഞത് 45 ക്വിന്റൽ ധാന്യം വില്പനയുള്ള വ്യാപാരിക്ക് മാസവേതനമായി 20,000 മുതൽ 21,000 രൂപ ലഭിക്കുന്ന പാക്കേജാണ് തയ്യാറാക്കുന്നത്. 45ന് മുകളിൽ വരുന്ന ഓരോ ക്വിന്റലിനും 150 രൂപയിൽ നിന്ന് 170 മുതൽ 180 വരെ രൂപ വരെ കൂട്ടാനും സാധ്യതയുണ്ട്.
കമ്മിഷൻ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് നിയോഗിച്ച സമിതി കഴിഞ്ഞ മാർച്ചിൽ നൽകിയ റിപ്പോർട്ട് ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. കൺട്രോളർ ഒഫ് റേഷനിംഗ്, ഭക്ഷ്യപൊതുവിതരണ വകുപ്പിലെ വിജിലൻസ് ഓഫീസർ, ലോ ഓഫീസർ എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
45 ക്വിന്റൽ വില്പനയുള്ള വ്യാപാരിക്ക് മാസവേതനമായി 22,500 രൂപ നൽകണം, 45നുശേഷം വരുന്ന ഓരോ ക്വിന്റലിനും 200രൂപ തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ അടങ്ങിയിട്ടുള്ളത്. അടുത്തമാസം ധനവകുപ്പ്, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പാക്കേജിന് അന്തിമരൂപം നൽകുമെന്നാണ് വിവരം. തുടർന്ന് മന്ത്രി ജി ആർ അനിൽ റേഷൻ വ്യാപരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി വേതനവർദ്ധന പ്രഖ്യാപിക്കും.
ALSO READ: പെൻഷൻ കുറയും, ജീവനക്കാരുടെ ശമ്പളവും; മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ച് സർക്കാർ
അതേസമയം, വേതനത്തിന് വേണ്ട അധിക പണം അരിവില കൂട്ടി കണ്ടെത്താമെന്ന ചർച്ചകളും നടക്കുന്നുണ്ട്. നീല റേഷൻകാർഡുകാർക്ക് നൽകുന്ന അരിയുടെ വില കിലോയ്ക്ക് 4 നിന്ന് 6 രൂപയാക്കുന്നതിലൂടെ കമ്മിഷൻ വർദ്ധനയ്ക്ക് അധികം വേണ്ടി വരുന്ന തുക കണ്ടെത്താനാകും.
കൂടാതെ, റേഷൻ കടകളുടെ എണ്ണം 13,872ൽ നിന്ന് 10000മാക്കി ക്രമീകരിക്കണം, ഒരു ലൈസൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു കടകളെ ഒരു കടയിൽ ലയിപ്പിക്കണം, പഞ്ചസാര കമ്മിഷൻ കിലോയ്ക്ക് 1.50രൂപയും മണ്ണെണ്ണയ്ക്ക് 5 രൂപയുമാക്കണം, 15 ക്വിന്റലിൽ താഴെ വിൽപ്പനയുള്ള കടകൾ അവസാനിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.