AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maggi Success Story: ഇന്ത്യൻ അടുക്കള കീഴടക്കിയ സ്വിസ് വിഭവം, നിരോധനവും തളർത്തിയില്ല; രണ്ട് മിനിറ്റിലെ രുചി ‘മാ​ഗി’യുടെ കഥ

Maggie Noodles Success Story: ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും അടുക്കളകളിലും ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കാൻ മാ​ഗിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വിസ് പർവതനിരകളിൽ താണ്ടി ഇന്ത്യൻ വീടുകളിലേക്കെത്തിയ മാ​ഗിയുടെ വിജയ കഥ അറിയാം.

Maggi Success Story: ഇന്ത്യൻ അടുക്കള കീഴടക്കിയ സ്വിസ് വിഭവം, നിരോധനവും തളർത്തിയില്ല; രണ്ട് മിനിറ്റിലെ രുചി ‘മാ​ഗി’യുടെ കഥ
Maggi Story
nithya
Nithya Vinu | Published: 24 Jun 2025 14:17 PM

പ്രൊഡക്ടിനേക്കാൾ ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുന്ന ഭക്ഷണം. വെറും രണ്ട് മിനിറ്റിൽ ഭക്ഷണം എന്ന ചിന്തയെ നമ്മുടെ മനസിൽ പടർത്തിയ രുചി, അതെ, മാ​ഗി എന്ന ഐക്കോണിക് ബ്രാൻഡിന്റെ കഥയാണിത്….

സുഗന്ധവ്യഞ്ജനങ്ങളും രുചികളും നിറഞ്ഞ ഇന്ത്യയുടെ വിശാലമായ പാചക ലോകത്ത്, ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും അടുക്കളകളിലും ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കാൻ മാ​ഗിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വിസ് പർവതനിരകളിൽ താണ്ടി ഇന്ത്യൻ വീടുകളിലേക്കെത്തിയ മാ​ഗിയുടെ വിജയ കഥ അറിയാം.

ഒരു ഐക്കണിക് ബ്രാൻഡിന്റെ ജനനം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്വിറ്റ്സർലൻഡിലെ കെംപ്റ്റൽ പട്ടണത്തിൽ നിന്നാണ് മാ​ഗിയുടെ കഥ ആരംഭിക്കുന്നത്. ഇവിടെ വെച്ചാണ് ജൂലിയസ് മാഗി എന്ന യുവ സംരംഭകന്റെ ഭക്ഷണ വിപ്ലവം ആരംഭിക്കുന്നത്. വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്നതും എന്നാൽ പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം തിരിച്ചറിഞ്ഞ ജൂലിയസ് മാഗി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരവുമായ സൂപ്പ് വികസിപ്പിച്ചെടുത്തു. ഈ സൂപ്പാണ് പിന്നീട് മാഗിയെന്ന ജനപ്രിയ ബ്രാൻഡിന് അടിത്തറ പാകിയത്.

1884-ൽ, ജൂലിയസ് മാഗി, പാചക ലോകത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാൻ സമയമില്ലാത്ത തിരക്കേറിയ കുടുംബങ്ങൾക്ക് ഒരു പരിഹാരം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതും അതുവഴി പാചകത്തിന് സമയം ലഭിക്കാതെ വരുന്നതും തിരിച്ചറിഞ്ഞ ജൂലിയസ് മാഗി, വേഗത്തിലും അനായാസമായും തയ്യാറാക്കാൻ കഴിയുന്ന രുചികരവുമായ ഭക്ഷണത്തിന്റെ ആവശ്യം മനസിലാക്കുകയായിരുന്നു.

മാഗിയുടെ വളർച്ച

ഉപഭോക്തൃ വിശ്വസ്തത പിടിച്ചെടുക്കുന്നതിൽ ബ്രാൻഡ് ഐഡന്റിറ്റിയുടെ പ്രാധാന്യം ജൂലിയസ് മാഗി, മനസ്സിലാക്കി. മാഗി ബ്രാൻഡിനെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. 1900 ആയപ്പോഴേക്കും, ജൂലിയസ് തന്റെ ഒപ്പും പേരും ഒന്നിലധികം രാജ്യങ്ങളിൽ വ്യത്യസ്ത ടൈപ്പ്ഫേസുകളിൽ രജിസ്റ്റർ ചെയ്തിരുന്നു.

ആദ്യകാലങ്ങളിൽ കടും ചുവപ്പ്, സ്വർണ്ണ മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലാണ് മാ​ഗി ഉത്പന്നം വിപണിയിലെത്തിയത്. ഇന്നും, ആഫ്രിക്കൻ വിപണികളിൽ ലഭ്യമായ പല മാഗി ഉൽപ്പന്നങ്ങളും ജൂലിയസ് രൂപകൽപ്പന ചെയ്ത ക്രോസ്-സ്റ്റാർ ചിഹ്നം ഉൾപ്പെടുന്നുണ്ട്.

ഇന്ത്യൻ അടുക്കളയിലേക്ക്

ഇരുപതാം നൂറ്റാണ്ടോടെ മാ​ഗി ആ​ഗോളവിപണികൾ വളരെ വേ​ഗം കീഴടക്കി. 1982-ൽ, പ്രശസ്ത സ്വിസ് ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ, മാഗി നൂഡിൽസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പരമ്പരാഗത പാചകരീതി ആഴത്തിൽ വേരൂന്നിയ ഇന്ത്യൻ മണ്ണിൽ മാ​ഗിയെ വളർത്തുക എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യം തന്നെയായിരുന്നു.

വേഗത്തിലും രുചികരമായും ഭക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ വിദേശ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യക്കാർക്ക് സംശയമുണ്ടായിരുന്നു. മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ പരാജയപ്പെട്ടു. എന്നിരുന്നാലും, നെസ്‌ലെ മുന്നോട്ട് പോകുകയും ഇന്ത്യൻ വീടുകളിലെ അഭിഭാജ്യ ഘടകമായി മാ​ഗിയെ മാറ്റുകയും ചെയ്തു.

പരസ്യങ്ങൾ

തിരക്കേറിയ ജീവിതത്തിൽ ഏറ്റവും അനുയോജ്യമായ ലഘുഭക്ഷണമായി മാഗി നൂഡിൽസിനെ അവതരിപ്പിക്കുന്ന ടെലിവിഷൻ പരസ്യ പരമ്പര നെസ്‌ലെ പുറത്തിറക്കി. ബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഇത്തരം പരസ്യങ്ങൾ ഉൽപ്പന്നത്തിന്റെ വളർച്ചയെ സഹായിച്ചു. താരങ്ങൾ മാഗി നൂഡിൽസ് എളുപ്പത്തിൽ തയ്യാറാക്കുകയും ആവേശത്തോടെ ആസ്വദിക്കുകയും ചെയ്യുന്ന ഈ മാർക്കറ്റിംഗ് കാമ്പെയ്‌ൻ ഇന്ത്യൻ യുവാക്കളെ സ്വാധീനിച്ചു.

മാഗിയുടെ ജനപ്രീതി കുതിച്ചുയർന്നതോടെ മസാല, തക്കാളി, ചിക്കൻ തുടങ്ങിയ ഉൾപ്പെടുന്ന വിവിധ രുചികൾ അവതരിപ്പിച്ചു. മാഗി ഇൻസ്റ്റന്റ് സൂപ്പുകൾ, സോസുകൾ, കെച്ചപ്പുകൾ തുടങ്ങിയവ ഇന്ത്യൻ അടുക്കളയിൽ കൂടുതൽ സ്ഥാനം നേടി.

മാഗി വിവാദം

2015 ൽ, ചില മാഗി നൂഡിൽസ് സാമ്പിളുകളിൽ അമിതമായ അളവിൽ ലെഡും എംഎസ്ജിയും അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട് ചെയ്തത് ബ്രാൻഡിന് തിരിച്ചടിയായി. ഇത് രാജ്യവ്യാപകമായി ഒരു വിവാദത്തിന് കാരണമായി. മാർക്കറ്റ് മൂല്യം പൂജ്യത്തിലേക്ക് കൂപ്പ്കുത്തി. ഇത് മാഗി നൂഡിൽസിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചു.

എന്നാൽ ഇന്ത്യൻ ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാൻ നെസ്‌ലെ അക്ഷീണം പ്രയത്നിച്ചു. കർശനമായ ഗുണനിലവാര പരിശോധനകൾ നടത്തിയും, നിർമ്മാണ പ്രക്രിയകൾ നവീകരിച്ചും, റെ​ഗുലേറ്ററി അധികാരികളുമായി സഹകരിച്ചും അവർ തിരിച്ച് വരവിന് വേണ്ടി പരിശ്രമിച്ചു. കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷയ്ക്കുള്ള പുതുക്കിയ പ്രതിബദ്ധതയുമായി മാഗി നൂഡിൽസ് മാസങ്ങൾക്കുള്ളിൽ വിപണിയിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തി.