Onam kit 2025: ഉത്രാടം വരെ കിട്ടും ഓണക്കിറ്റ്, റേഷൻകടകൾ ഞായറാഴ്ചയും തുറക്കും
Onam Kit 2025 Available Until Uthradam: ഓഗസ്റ്റ് 25 മുതല്‍ 29 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ 73 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്.
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത്, സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും അനുവദിച്ച അധിക അരിയുടെ വിതരണവും പൂര്‍ത്തിയാക്കുന്നതിനാണ് ഈ നടപടി.
ശനിയാഴ്ച ഉച്ചവരെ 82 ശതമാനം റേഷന്‍ വിഹിതം വിതരണം ചെയ്തിട്ടുണ്ട്. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. റേഷന്‍ കടകളിലെ സ്റ്റോക്ക് പരിശോധനയ്ക്കായി തിങ്കളാഴ്ച കടകള്‍ക്ക് അവധിയായിരിക്കും.
എന്നാല്‍, സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തനമുണ്ടാകും. മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് സെപ്റ്റംബര്‍ നാല് വരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള ഓണക്കിറ്റുകള്‍ ജീവനക്കാര്‍ വഴി എത്തിച്ചുനല്‍കുമെന്നും അറിയിച്ചു.
സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് വന്‍ സ്വീകാര്യത
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ആരംഭിച്ച സപ്ലൈകോ ജില്ലാ ഫെയറുകള്‍ക്ക് വന്‍ സ്വീകാര്യത. ഓഗസ്റ്റ് 25 മുതല്‍ 29 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ 73 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് രണ്ട് കോടിയിലധികം രൂപയാണ്. ഈ ദിവസങ്ങളില്‍ പത്ത് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പ്പനശാലകള്‍ സന്ദര്‍ശിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ സപ്ലൈകോയുടെ ആകെ വിറ്റുവരവ് 270 കോടി രൂപയാണ്. ഇതില്‍ 125 കോടി രൂപയുടെ വില്‍പ്പന സബ്‌സിഡി ഇനങ്ങളിലൂടെയാണ് ലഭിച്ചത്. ഈ മാസം ഇതുവരെ 42 ലക്ഷം ഉപഭോക്താക്കള്‍ സപ്ലൈകോയെ ആശ്രയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സപ്ലൈകോ വഴി ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ലഭിച്ച വലിയ പിന്തുണയായി വിലയിരുത്തുന്നു.