OnePlus: ചായകടയിൽ തുടങ്ങിയ ചൈനീസ് സ്റ്റാർട്ടപ്പ്; ഈ ‘വൺ പ്ലസ്’ കണക്ക് അൽപം ത്രില്ലടിപ്പിക്കും!
OnePlus Story: ഒരു ചായ കടയിൽ നിന്ന് തുടങ്ങിയ ചർച്ച സ്റ്റാർട്ടപ്പ് ആയി തുടങ്ങി ഇന്ന് ലോകത്തിലെ മുൻനിര പ്രീമിയം ഫോൺ ബ്രാൻഡുകളിൽ ഒന്നായി എങ്ങനെ വളർന്നു എന്ന് അറിഞ്ഞാലോ....
വർഷം 2015. സമാർട്ട് ഫോണുകളിൽ പുത്തൻ മാറ്റങ്ങൾ കണ്ടുതുടങ്ങിയ വർഷം, അന്നേ വരെ മാർക്കറ്റ് ഭരിച്ചിരുന്ന ആപ്പിളിനും സാംസങിനും തിരിച്ചടികൾ കിട്ടിയ വർഷം, അതിന് ഒരേയൊരു കാരണം, ‘വൺപ്ലസ്’ (OnePlus). സ്മാർട്ട്ഫോൺ ലോകത്തെ വിപ്ലവകരമായി മാറ്റിയ വൺപ്ലസ് എന്ന ബ്രാൻഡിന്റെ കഥ വളരെ രസകരമാണ്. ഒരു ചായ കടയിൽ നിന്ന് തുടങ്ങിയ ചർച്ച സ്റ്റാർട്ടപ്പ് ആയി തുടങ്ങി ഇന്ന് ലോകത്തിലെ മുൻനിര പ്രീമിയം ഫോൺ ബ്രാൻഡുകളിൽ ഒന്നായി എങ്ങനെ വളർന്നു എന്ന് അറിഞ്ഞാലോ….
വൺപ്ലസ് പിറവി
വൺപ്ലസ് എന്ന ബ്രാൻഡിന്റെ ഉദയത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും കേൾക്കുന്ന ഒരു രസകരമായ കഥയാണ് പീറ്റ് ലോയും കാൾ പെയ്‌യും ഒരു ചായക്കടയിൽ ഇരുന്നുകൊണ്ട് നടത്തിയ ചർച്ചകൾ. 2013 ഡിസംബറിലാണ് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ‘ഓപ്പോ’യുടെ (Oppo) വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പീറ്റ് ലോ (Pete Lau), സുഹൃത്തായ കാൾ പെയ് (Carl Pei) എന്നിവർ ചേർന്ന് വൺപ്ലസ് സ്ഥാപിക്കുന്നത്.
‘മികച്ച ഹാർഡ്‌വെയറും ലളിതമായ സോഫ്റ്റ്‌വെയറും കുറഞ്ഞ വിലയിൽ നൽകുക’ എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. അതുവരെയും വിപണിയിൽ ഉണ്ടായിരുന്നത് ഒന്നുകിൽ ഐഫോൺ പോലെ വളരെ വിലകൂടിയ ഫോണുകൾ, അല്ലെങ്കിൽ വില കുറഞ്ഞ ഗുണനിലവാരമില്ലാത്ത ആൻഡ്രോയിഡ് ഫോണുകൾ ആയിരുന്നു.
ഒരു ദിവസം പീറ്റ് ലോയും കാൾ പെയ്‌യും ചൈനയിലെ ഒരു ചായകടയിൽ ഇരിക്കുകയായിരുന്നു. അന്ന് അവിടെയിരുന്ന എല്ലാവരും ഐഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ആപ്പിൾ അല്ലാത്ത മറ്റൊരു ഫോണും പ്രീമിയം ലുക്ക് നൽകുന്നില്ലെന്ന് അവർക്ക് മനസ്സിലായി. സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഐഫോണിനോട് കിടപിടിക്കുന്ന, എന്നാൽ പോക്കറ്റ് കീറാത്ത ഒരു ഫോൺ എന്തുകൊണ്ട് നിർമ്മിച്ചു കൂടാ എന്ന ചിന്ത ആ ചായക്കടയിലെ ചർച്ചയിൽ നിന്നാണ് വൺപ്ലസ് എന്ന ആശയത്തിലേക്ക് എത്തിയത്.
ഓപ്പോയിൽ നിന്നുള്ള പടിയിറക്കം
ചൈനീസ് കമ്പനിയായ ഓപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥരായിരുന്നു പീറ്റ് ലോയും കാൾ പെയ്‌യും. സ്വന്തം സ്വപ്നം യാഥാർത്ഥ്യമാക്കാൻ പീറ്റ് ലോ തന്റെ ജോലി രാജിവെച്ചു. ആ സമയത്ത് പലരും അദ്ദേഹത്തെ പരിഹസിച്ചു. ഒരു പുതിയ ബ്രാൻഡ് വിജയിക്കില്ലെന്ന് അവർ കളിയാക്കി.
വളരെ കുറഞ്ഞ അംഗങ്ങളുമായി ഒരു ചെറിയ സ്റ്റാർട്ടപ്പ് ആയിട്ടായിരുന്നു തുടക്കം. മാർക്കറ്റിങ്ങിന് പണമില്ലാത്തതിനാൽ അവർ തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയാണ്. ഫോൺ വാങ്ങാൻ ‘ഇൻവൈറ്റ്’ സിസ്റ്റം കൊണ്ടുവന്നത് വിപണിയിൽ വലിയ ഹൈപ്പ് ഉണ്ടാക്കി.
2014-ൽ അവർ വൺപ്ലസ് വൺ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും മികച്ച പ്രോസസ്സറും ഡിസ്‌പ്ലേയും അവർ പകുതി വിലയ്ക്ക് വിറ്റു. വൻകിട കമ്പനികൾ ലക്ഷങ്ങൾ ചിലവാക്കി പരസ്യം ചെയ്തപ്പോൾ, വൺപ്ലസ് ഉപഭോക്താക്കളുടെ സംസാരത്തിലൂടെ വളർന്നു. ഫോണിൽ എന്ത് മാറ്റം വേണമെന്ന് ഉപഭോക്താക്കളോട് ചോദിച്ചറിയുന്ന രീതി വൺപ്ലസിനെ മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാക്കി.
വൺ പ്ലസ് (1+) എന്ന പേര്
‘1’ എന്നത് നിലവിലെ സ്മാർട്ട്ഫോൺ ഉപഭോക്താവിനെ സൂചിപ്പിക്കുന്നു. ‘+’ എന്നത് മികച്ച ഫീച്ചറുകൾ അവർക്ക് നൽകുക എന്നതിനെയും. അതായത് നിലവിലുള്ളതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുക എന്നതായിരുന്നു ഈ പേര് കൊണ്ട് അർത്ഥമാക്കിയത്.